ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി സ്വന്തമാക്കി; പി.വി. അന്‍വറിനെതിരേ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന പരാതിയില്‍ പി.വി അന്‍വറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പാട്ടത്തിനെടുത്ത ഭൂമി പോക്കുവരവ് നടത്തി സ്വന്തം പേരിലേക്ക് മാറ്റി തട്ടിയെടുത്തുവെന്നാണ് അന്‍വറിനെതിരേയുള്ള പരാതി.
കൊല്ലം സ്വദേശിയായ വ്യവസായിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്. പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു.നാല് മാസം മുന്‍പാണ് ഇതുസംബന്ധിച്ച പരാതി വിജിലന്‍സിന് ലഭിച്ചത്. വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിലാണ് കൂടുതല്‍ വിശദമായ അന്വേഷണം നടത്താന്‍ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഉത്തരവിട്ടത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ഒരു കമ്പനിക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയായിരുന്നു ഇത്. ഭൂമി ജാമ്യത്തില്‍ കാണിച്ച് കമ്പനി വായ്പയെടുത്തിരുന്നു. എന്നാല്‍ ഈ തുക പൂര്‍ണമായും അടച്ചുതീര്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല.
തുടര്‍ന്ന് അന്‍വര്‍ ഈ ഭൂമിയേറ്റെടുക്കുകയായിരുന്നു. പിന്നീടാണ് പോക്കുവരവ് നടത്തി സ്വന്തമാക്കിയത്. കോടിക്കണക്കിന് രൂപ മൂല്യമുള്ള ഭൂമിയില്‍ ഒരു കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട്. കെട്ടിടം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി ഉത്തരവും അടുത്തദിവസങ്ങളില്‍ പുറത്തുവരാനിരിക്കുകയാണ്.
അതിനിടെയാണ് ഭൂമി കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അന്‍വറിനെതിരേ വിജിലന്‍സ് വിശദമായ അന്വേഷണത്തിനൊരുങ്ങുന്നത്. വിജിലന്‍സിന്റെ തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല. വിശദമായ അന്വേഷണം നടത്തി സമയപരിധിക്കുളളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.




