
കണ്ണൂർ : കണ്ണവം വനത്തിനകത്തു പെരുവയിലെ ജനവാസ മേഖലയിൽ പുലിയെന്നു സംശയിക്കുന്ന ജീവിയുടെ കാൽപാടും പന്നിയുടെ ജഡവും കണ്ടെത്തി.
പാലയത്തുവയൽ സ്കൂളിനു സമീപം കിഴക്കേച്ചാൽ ഭാഗത്താണിത്. ഇന്നലെ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന്റെ കുറച്ചു ഭാഗം ഭക്ഷിച്ച നിലയിലാണ്.കയലോടാൻ ഗോപിയുടെ വീട്ടിൽനിന്ന് 50 മീറ്റർ അകലെയാണു കാൽപ്പാടുകളും ജഡവും കണ്ടത്തെിയത്. പാലത്തയത്തുവയൽ യുപി സ്കൂളിനു സമീപത്താണിത്.
കനത്ത ജാഗ്രതയിലാണു ജനങ്ങളും സ്കൂൾ അധികൃതരും. കണ്ണവം ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ ജിജിലിന്റെ നേതൃത്വത്തിലുള്ള കണ്ണവം, നെടുംപൊയിൽ സെക്‌ഷനുകളിലെ വനപാലക സംഘം കോളയാട് പഞ്ചായത്തംഗം റോയ് പൗലോസ്, സ്കൂൾ പ്രധാനാധ്യാപകൻ എ.ചന്ദ്രൻ എന്നിവരുമായി ചർച്ച നടത്തി.
സ്ഥലത്ത് ക്യാമറ സ്ഥാപിക്കുമെന്നും പട്രോളിങ് ശക്തമാക്കിയതായും കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫിസർ അറിയിച്ചു.
റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നേരോത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ജയേഷ്, വിജിഷ, ഗിനിൽ, ബിജേഷ്, ബിജു, വാച്ചർമാർ എന്നിവർ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.