
കുന്ദമംഗലം : കക്കൂസ് മാലിന്യം കയറ്റുന്ന മിനി ടാങ്കർലോറി കുന്ദമംഗലം പോലീസ് പിൻതുടർന്ന് പിടികൂടി. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. കട്ടാങ്ങലിൽവെച്ചാണ് ലോറിക്കാർ രാത്രി പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ കണ്ടത്. ഉടനെ കുന്ദമംഗലം ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. പിൻതുടർന്ന പോലീസ് പന്ത്രണ്ടാംമൈലിൽവെച്ച് ലോറിക്കുകുറുകെ വാഹനംനിർത്തി തടയാൻ ശ്രമിച്ചെങ്കിലും അതിവേഗത്തിൽ ലോറി ഓടിച്ചുപോയി. കൺട്രോൾറൂമിൽ വിവരമറിയിക്കുകയും സി.ആർ.വി.-5-ന്റെ സഹായത്തോടെ ലോറിയെ മുക്കം റോഡ് ജങ്ഷനിൽവെച്ച് പിടികൂടുകയുമായിരുന്നു.
ലോറിയിലുണ്ടായിരുന്ന എടവണ്ണ സ്വദേശി വാഹിദ് (24), മുള്ളൻപാറ സ്വദേശി ജുനൈദ് (22) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. സബ് ഇൻസ്പെക്ടർ ഗിരീഷ്‌കുമാർ, സി.പി.ഒ. മുഹമ്മദ് ഷമീർ, ഹോം ഗാർഡ് മോഹനൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ലോറി പിടികൂടിയത്. ചാത്തമംഗലം ഭാഗത്തുനിന്ന് മാലിന്യംകയറ്റാൻ ലക്ഷ്യമിട്ടാണ് മഞ്ചേരി ഭാഗത്തുനിന്ന് ലോറി വന്നതെന്ന് പോലീസ് പറഞ്ഞു.
ഏതാനും മാസങ്ങൾക്കുമുൻപ് മനത്താനത്ത് ഭാഗത്തുനിന്ന് മാലിന്യംതള്ളുന്നതിനിടെ മറ്റൊരുലോറി പിടികൂടിയിരുന്നു.





