വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച സംഭവം; ഭക്ഷണാവശിഷ്ടം പരിശോധനക്ക് അയച്ചു, അടിമുടി ദുരൂഹത

വടകര: മദ്യപിക്കുന്നതിനിടെ സുഹൃത്ത് ബീഫിൽ എലിവിഷം ചേർത്ത് നൽകിയെന്ന് യുവാവ് പൊലീസിൽ പരാതി നൽകിയ സംഭവത്തിൽ അടിമുടി ദുരൂഹത. ഭക്ഷണാവശിഷ്ടം ഫോറൻസിക് പരിശോധനക്ക് അയച്ചു.
സുഹൃത്ത് നൽകിയ എലിവിഷം ചേർത്ത ബീഫ് കഴിച്ചാണ് ഗുരുതരാവസ്ഥയിലായതെന്ന് കാണിച്ച് വൈക്കിലിശ്ശേരി കുറിഞ്ഞാലിയോട് സ്വദേശി പോതുകണ്ടി മീത്തൽ നിധീഷ് (44) ആണ് വടകര പൊലീസിൽ പരാതി നൽകിയത്.സംഭവത്തിൽ വൈക്കിലിശ്ശേരി സ്വദേശി മുള്ളൻ മഠത്തിൽ മഹേഷിനെതിരെ (45) പൊലീസ് കേസെടുത്തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നിധീഷിൽനിന്ന് പൊലീസ് മൊഴിയെടുത്ത് അന്വേഷണം ഊർജിതമാക്കി.ഇയാളുടെ ആന്തരികാവയവങ്ങളിലുള്ള ഭക്ഷണാവശിഷ്ടമാണ് പരിശോധനക്കായി അയച്ചത്. വെള്ളിയാഴ്ച വടകര പൊലീസിൽ ഹാജരായ മഹേഷിൽനിന്ന് മൊഴിയെടുത്ത് വിട്ടയച്ചു.
നിധീഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആറുപേർ ഒരുമിച്ചാണ് മദ്യം കഴിച്ചതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.മറ്റ് അഞ്ചുപേർക്കും ശാരീരിക അസ്വസ്ഥതകൾ ഇല്ല. മദ്യപാന സദസ്സിലേക്ക് അവസാനമായാണ് നിധീഷ് എത്തിയതെന്ന് പൊലീസിന് സുഹൃത്തുകൾ മൊഴി നൽകിയിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങളുടെ പരിശോധനഫലം കൂടി ലഭ്യമാകേണ്ടതുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെ സുഹൃത്തുക്കളായ ഇരുവരും ചേർന്ന് വൈക്കിലിശ്ശേരി വനിത ബാങ്കിന് സമീപത്തുവെച്ച് മദ്യപിക്കുകയും ബീഫിൽ എലിവിഷം ചേർത്തതായി മഹേഷ് നിധീഷിനോട് പറഞ്ഞിരുന്നെങ്കിലും തമാശയാണെന്ന് കരുതി ഭക്ഷിക്കുകയായിരുന്നുവെന്നുമാണ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞത്.