
കോഴിക്കോട് : ക്രിസ്മസ് വിപണിയിൽ ഇത്തവണത്തെ ‘സ്റ്റാർ’ കേരളത്തിൽ നിർമിക്കുന്ന പേപ്പർ നക്ഷത്രങ്ങൾ. കൊല്ലം, കുന്നംകുളം എന്നിവിടങ്ങളിൽ കട്ടി കുറഞ്ഞ പേപ്പറിൽ നിർമിക്കുന്ന നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. ഇവയ്ക്കു ലൈറ്റ് ഇടുമ്പോൾ നല്ല തെളിച്ചമുണ്ടാകും. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നു വരുന്ന നക്ഷത്രങ്ങൾ കട്ടി പേപ്പറിലാണു നിർമിക്കുന്നത്. ക്രിസ്മസിനെ വരവേൽക്കാനുള്ള നക്ഷത്രങ്ങളും പുൽക്കൂടുകളും, ക്രിസ്മസ് ട്രീയും, സാന്താക്ലോസ് വസ്ത്രങ്ങളും വിപണിയിൽ നിറഞ്ഞു.
പേപ്പർ നക്ഷത്രങ്ങളും എൽഇഡി നക്ഷത്രങ്ങളും ഉണ്ട്. 5 കോൺ മുതൽ 21 കോൺ വരെയുള്ളവ വിപണിയിൽ എത്തിയിട്ടുണ്ട്. ഒരടി മുതൽ 10 അടി വരെ ഉയരമുള്ള ക്രിസ്മസ് ട്രീ വിപണിയിലുണ്ട്. അവ അലങ്കരിക്കാൻ ആവശ്യമായ ബോൾ, ബെൽ, ഗിഫ്റ്റ് ബോക്സ് തുടങ്ങിയവയും ഉണ്ട്. ഇത്തവണ ചൈനയിൽ നിന്നുള്ള ട്രീ കുറവാണ്. സാന്താക്ലോസ് വസ്ത്രം ഒരു വയസ്സുള്ള കുഞ്ഞു മുതൽ മുതിർന്നവർക്കു വരെയുള്ളവ വിവിധ അളവുകളിൽ ലഭിക്കും. ചൈനയിൽ നിന്നുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്ത്രവും ഇന്ത്യൻ നിർമിത തുണി വസ്ത്രവും ഉണ്ട്. മുളയിലും മരത്തിലും തീർത്ത പുൽക്കൂട് എത്തിയിട്ടുണ്ട്.





