
താമരശ്ശേരി : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ താമരശ്ശേരി മേരിമാതാ കത്തീഡ്രൽ ഹാളിൽ നടന്ന ‘കരുതലും കൈത്താങ്ങും’ താമരശ്ശേരി താലൂക്കുതല അദാലത്തിൽ പരിഗണിച്ചത് 292 പരാതികൾ. ഓൺലൈൻ പോർട്ടൽ വഴി 140 പരാതികളും അദാലത്തിൽ നേരിട്ട് 152 പരാതികളും ലഭിച്ചു. ഓൺലൈനായി ലഭിച്ച പരാതികളിൽ 96 എണ്ണം തീർപ്പാക്കി. ബാക്കിയുള്ള പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സത്വരനടപടികൾ സ്വീകരിക്കുന്നതിനായി കൈമാറി.
ജില്ലയിലെ നാലാമത്തേതും അവസാനത്തേതുമായ താലൂക്കുതല അദാലത്തായിരുന്നു വെള്ളിയാഴ്ച താമരശ്ശേരിയിൽ നടന്നത്. ജില്ലയിലെ നാല് അദാലത്തുകളിലായി ആകെ 2002 പരാതികളാണ് ലഭിച്ചത്. ഏറ്റവും കുറവ് പരാതികളെത്തിയത് താമരശ്ശേരിയിലെ അദാലത്തിലാണ്. കോഴിക്കോട് 450, വടകര 520, കൊയിലാണ്ടി 740 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ ലഭിച്ച പരാതികളുടെ എണ്ണം. ജില്ലയിൽ ആകെ 1033 പരാതികൾ ഓൺലൈനായും 969 എണ്ണം അദാലത്ത് വേദികളിലുമാണ് ലഭിച്ചത്. ഇവയിൽ 867 പരാതികൾ മന്ത്രിമാരുടെ നേതൃത്വത്തിലും ഉദ്യോഗസ്ഥതലത്തിലുമായി പരിഹരിച്ചു. ബാക്കിയുള്ളവ തുടർനടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു.
പക്ഷാഘാതം വന്ന് അരയ്ക്കുതാഴോട്ട് ശരീരം തളർന്ന ഇയ്യാട് സ്വദേശിയായ എടപ്പറംകണ്ടി ബഷീർ (59) തന്റെ റേഷൻകാർഡ് ബി.പി.എലിലേക്കു മാറ്റാനും ലൈഫ് ഭവനപദ്ധതിയിൽ പാസായ വീടിന് നിർമാണാനുമതി വൈകുന്നതിന് പരിഹാരംതേടിയുമാണ് വീൽച്ചെയറിൽ അദാലത്തിലെത്തിയത്. പ്രശ്നപരിഹാരത്തിന് നടപടിയെടുക്കാൻ മന്ത്രി മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തന്റേതുൾപ്പെടെ ഒട്ടേറെ വീടുകളുള്ള പ്രദേശത്തെ റോഡ്, ടാറിങ്ങോ കോൺക്രീറ്റിടുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കരിയാത്തൻകാവ് എഴുത്തച്ഛൻകണ്ടി ഹസ്സൻകോയ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന മകൻ അജ്‌നാസിനെയും കൂട്ടി അദാലത്തിലെത്തിയത്. നടപടിയെടുക്കാമെന്ന പ്രതികരണത്തിൽ പ്രതീക്ഷയർപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.
കട്ടിപ്പാറയിലെ ഒൻപതു വാർഡുകളിലും തോട്ടംഭൂമി വിഷയം കാരണം വീട്ടുനമ്പറുകൾ ഉൾപ്പെടെ ലഭ്യമാവാത്ത ദുരവസ്ഥയ്ക്കും രണ്ടുകണ്ടി, വട്ടച്ചുഴലി പ്രദേശങ്ങളിലെ നാല്പതോളം കുടുംബങ്ങളുടെ ഭൂപ്രശ്നത്തിനും ശാശ്വതപരിഹാരംതേടിയാണ് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ് പരാതി നൽകിയത്. മാവുള്ളപൊയിൽ, പ്ലാത്തോട്ടം, കന്നൂട്ടിപ്പാറ, അമ്പായത്തോട് ക്വാറിമല, തേവർമല, ആയുർവേദ ഡിസ്പെൻസറി പരിസരം എന്നിവിടങ്ങളിൽ ഭീഷണി സൃഷ്ടിക്കുന്ന കൂറ്റൻപാറകൾ പൊടിച്ച് നീക്കണമെന്നാവശ്യപ്പെടുന്ന പരാതിയും അദ്ദേഹം മന്ത്രി മുഹമ്മദ് റിയാസിന് സമർപ്പിച്ചു. പനങ്ങാട് വട്ടോളിപറമ്പ് മിനിയെപ്പോലെ മുൻപ് പല അദാലത്തുകളിൽ പങ്കെടുത്തിട്ടും പ്രശ്നപരിഹാരം സാധ്യമാവാതെ വീണ്ടും പരാതി ബോധിപ്പിക്കാനെത്തിയവരെയും ഇത്തവണ കാണാനായി. വീട്ടിലേക്ക് വഴി ലഭ്യമാവുന്നില്ലെന്ന ഇവരുടെ പരാതി പരിശോധിച്ച് നടപടിയെടുക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകി. അദാലത്തിൽ എം.എൽ.എ.മാരായ ലിന്റോ ജോസഫ്, സച്ചിൻദേവ്, കളക്ടർ സ്നേഹിൽകുമാർ സിങ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.





