മുംബൈ: മുംബൈ നഗരത്തിൽ നിയന്ത്രണംവിട്ട ബസിടിച്ച് നാല് പേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റു.ബെസ്റ്റ് ബസ് അൻജു-ഐ-ഇസ്‍ലാം സ്കൂളിന് മുമ്പിൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഇടയിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു.
എസ്.ജി ബ്രേവ് മാർഗിൽ തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം.
അഫ്രീൻ ഷാ, അനം ഷെയ്ഖ്, കാനിഷ് കാദ്‍രി, ശിവം കശ്യപ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
50കാരനായ ബസ് ഡ്രൈവർ സഞ്ജയിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ബ്രേക്ക് കിട്ടാത്തതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് സഞ്ജയ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന മൊഴി. ഇതുമൂലം വാഹനം നിയന്ത്രിക്കാൻ സാധിക്കാതെ പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നും ആളുകൾ പൊലീസിന് മെഴി നൽകിയിട്ടുണ്ട്.
അതേസമയം, വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാവുന്നതെന്ന് ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ ഭാരത് ജാദവ് പറഞ്ഞു.കുർളയിൽ നിന്നും അന്ധേരിയിലെ അഗാർക്കർ ചൗക്കിലേക്ക് പോവുകയായിരുന്ന ബസ് യാത്ര തുടങ്ങി 100 മീറ്റർ സഞ്ചരിച്ചപ്പോഴേക്കും അപകടമുണ്ടാക്കുകയായിരുന്നു. തെറ്റായ ദിശയിൽ സഞ്ചരിച്ച് ഓട്ടോറിക്ഷ ഉൾപ്പടെയുള്ള വാഹനങ്ങളിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു.ഏഴോളം വാഹനങ്ങളിൽ ബസ് ഇടിച്ചുവെന്നാണ് റിപ്പോർട്ട്. ഒടുവിൽ സമീപത്തെ റസിഡൻഷ്യൽ ബിൽഡിങ്ങിന്റെ ഗേറ്റിലിടിച്ചാണ് ബസ് നിന്നത്.