നാദാപുരം വളയത്ത് ബൈക്ക് തടഞ്ഞ് നിർത്തി അക്രമം; കൊല്ലം സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: നാദാപുരം വളയത്ത് ബുള്ളറ്റ് ബൈക്ക് തടഞ്ഞ് നിർത്തി അക്രമം.കൊല്ലം സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ഗുരുതര പരിക്ക്.വളയം മുതുകുറ്റിയിൽ ഇന്ന് പകൽ 12 ഓടെയാണ് അക്രമമുണ്ടായത്.വളയം മുതുകുറ്റി സ്വദേശി സന്തോഷ് കുമാർ (52), കൊല്ലം അഞ്ചൽ സ്വദേശി ശ്രീസദനത്തിൽ കൊച്ചുമോൻ (40) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഇരുമ്പ് വടികൊണ്ടുള്ള അക്രമത്തിൽ തലയ്ക്ക് ഗുരുതമായി പരിക്ക് പറ്റിയ ഇരുവരെയും വളയം ഗവണ്മെന്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അല്പസമയം മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ചു.
മലപ്പുറം നിലമ്പൂർ സ്വദേശി കിരൺ (35) ആണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പൊലീസിന് മൊഴി നൽകി.റബ്ബർ വെട്ട് ജോലിക്കെത്തിയവരാണ് എല്ലാവരും. മൂന്ന് മാസം മുൻപ് മുതുകുറ്റിയിൽ നിന്നും ഒട്ടുപാലും 78 റബ്ബർ ഷീറ്റുകളും മോഷണം പോയിരുന്നു.
ഇത് സംബന്ധിച്ച തർക്കം നിലനിന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുള്ളതായി പൊലീസ് പറഞ്ഞു.