കണ്ണൂരിലെ മോഷണം; ലോക്കര്‍ ഉള്ള സ്ഥലം വരെ കൃത്യമായി മനസിലാക്കിയ ആളുകളാണ് മോഷണത്തിന് പിന്നിൽ- പ്രതികരണവുമായി ബന്ധു
കണ്ണൂര്‍: വളപ്പട്ടണത്തെ വീട്ടില്‍ വൻകവർച്ച നടന്നതിൽ പ്രതികരണവുമായി ബന്ധു. ലോക്കര്‍ ഉള്ള സ്ഥലം വരെ കൃത്യമായി മനസിലാക്കിയ ആളുകളാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതെന്ന് വീട്ടുടമയായ അഷ്‌റഫിന്റെ ഭാര്യാസഹോദരന്‍ ജാബിര്‍ പറഞ്ഞു.സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന അലമാര പൂട്ടി അതിന്റെ താക്കോല്‍ വേറെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. അതും കൃത്യമായി പൂട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോഷണത്തിന് പിന്നില്‍ അറിയുന്ന ആളുകളാണോയെന്ന് പറയാന്‍ കഴിയില്ല. മൂന്ന് കിടപ്പുമുറികളിലും മോഷ്ടാക്കള്‍ കയറിയിട്ടുണ്ട്. സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന അലമാര പൂട്ടി അതിന്റെ താക്കോല്‍ മറ്റൊരു ബെഡ്‌റൂമിലെ അലമാരയിലായിരുന്നു സൂക്ഷിച്ചിരുന്നത്.ആ അലമാരയുടെ താക്കോല്‍ വേറെ മുറിയിലുമായിരുന്നു. മറ്റ് മുറികളില്‍ നിന്നൊന്നും വേറൊന്നും നഷ്ടപ്പെട്ടിട്ടില്ല. ലോക്കര്‍ മാത്രം ലക്ഷ്യമിട്ടാണ് മോഷ്ടാക്കള്‍ വന്നതെന്നാണ് കരുതുന്നത്. രണ്ടുപേര്‍ അടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് അറിയിച്ചതെന്നും ജാബിര്‍ പറഞ്ഞു.
യാത്രയ്ക്ക് മുമ്പ് പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചിരുന്നില്ലെന്നും ദുബായിലും ബെംഗളൂരുവിലുമെല്ലാമായി സാധാരണയായിപോകുന്നവരാണെന്നും ജാബിർ പറഞ്ഞു.
30 വര്‍ഷത്തോളമായി ഇവിടെ താമസിക്കുന്നുണ്ട്. ഇതുവരെ ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ല. വീട്ടില്‍ തന്നെ ലോക്കര്‍ ഉണ്ടായിരുന്നത് കൊണ്ട് സ്വര്‍ണവും പണവും ബാങ്കില്‍ സൂക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അരി മൊത്തവ്യാപാരം നടത്തുന്ന കെ.പി. അഷ്റഫിന്റെ വളപട്ടണം മന്നയിലെ വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തിത്തുറന്ന് ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവുമാണ് കവര്‍ച്ച ചെയ്തത്.കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമായിരുന്നു മോഷണം പോയത്. മന്ന കെ.എസ്.ഇ.ബി. ഓഫീസിന് സമീപാണ് ഈ വീട്.
വീട്ടിലുള്ളവര്‍ ഇക്കഴിഞ്ഞ 19-ാം തിയതിയാണ് വീട് പൂട്ടി മധുരയിലെ സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോയത്. യാത്ര കഴിഞ്ഞ ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരം തിരിച്ചറിയുന്നത്.അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടക്കള്‍ വീടിനുള്ളില്‍ കടന്നത്. മൂന്നുപേര്‍ മതില്‍ചാടി വീടിനുള്ളില്‍ കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ ടി.പി.സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.