Kozhikode

ക്രിക്കറ്റ് പിച്ചിൽ നിന്നു റേസിങ് ട്രാക്കിലേക്ക് ഓടിക്കയറി കോഴിക്കോട്ടുകാരി

Please complete the required fields.




കോഴിക്കോട്: ക്രിക്കറ്റ് പിച്ചിൽ നിന്നു റേസിങ് ട്രാക്കിലേക്കു പറന്നിറങ്ങുകയാണ് കോഴിക്കോട് സ്വദേശി ഹെന്ന ജയന്ത്. കേരളത്തിന്റെ വനിത ക്രിക്കറ്റ് താരമായിരുന്ന ഹെന്ന, പ്രഫഷനൽ കാറോട്ട രംഗത്തു ചുവടുറപ്പിക്കുകയാണ്. കോവിഡിന് ശേഷം റേസിങ് ട്രാക്കുകൾ സജീവമായതോടെ വലിയ ചാംപ്യൻഷിപ്പുകൾ ലക്ഷ്യമിട്ട് ഹെന്ന പരിശീലനം ആരംഭിച്ചു കഴിഞ്ഞു.കോഴിക്കോട് ജില്ലാ വനിത ക്രിക്കറ്റ് ടീമിന്റെയും കേരള ടീമിന്റെയും താരമായിരുന്നു ഹെന്ന ജയന്ത്. 18ാം വയസ്സിൽ തന്നെ ഡ്രൈവിങ് പഠിച്ചു. അതിനിടെ ബെംഗളൂരുവിൽ ഡിഗ്രിയും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽനിന്ന് പിജിയും ചെയ്തു. നാട്ടിലെത്തിയ ശേഷമാണ് റേസിങ്ങിൽ ഒരു കൈ നോക്കാൻ തീരുമാനിച്ചത്.

 2018ൽ ആണ് വനിതകളുടെ റേസിങ്ങിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ ഒരു പരസ്യം കാണുന്നത്. റേസിങ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും റിസർവ് ഡ്രൈവറായതിനാൽ ട്രാക്കിലിറങ്ങിയില്ല.നിരാശയാകാതെ കൂടുതൽ അവസരങ്ങൾ തേടുമ്പോഴാണ് ഡിടിഎസ് റേസിങ് ടീമിന്റെ ഉടമയായ ടി.എസ്.ദിൽജിത്തിനെ പരിചയപ്പെടുന്നത്. തുടർന്ന് അവർക്കൊപ്പം ജെകെ ടയേഴ്സ് നോവിസ് ചാംപ്യൻഷിപ്പിൽ പങ്കെടുത്തു. പുരുഷന്മാർക്കെതിരെയായിരുന്നു ഹെന്നയുടെ പോരാട്ടം. 20 പേർ മാറ്റുരച്ച മത്സരത്തിൽ ഹെന്ന പതിനൊന്നാം സ്ഥാനത്ത്. പിന്നീട് ജെകെ ടയർ റൂക്കീ ചാംപ്യൻഷിപ്പിൽ പങ്കെടുത്തു ദേശീയ താരമെന്ന പദവിയിലെത്തി.എൽജിബി ഫോർമുല 4 റേസിങ്ങിൽ പങ്കെടുക്കാൻ തയാറെടുപ്പ് നടത്തുന്നതിനിടെയാണ് കോവി‍ഡ് പിടിമുറുക്കിയത്. തുടർന്ന് മത്സരങ്ങളെല്ലാം ഉപേക്ഷിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷം ആരംഭിക്കുന്ന ടൂർണമെന്റുകൾക്കായുള്ള പരിശീലനത്തിലാണ് ഹെന്ന ഇപ്പോൾ. ജെകെ ടയർ നാഷനൽ ചാംപ്യൻഷിപ്പാണ് ലക്ഷ്യം.ഇപ്പോൾ കൂടുതൽ പെൺകുട്ടികൾ ഈ രംഗത്തേക്കു വരുന്നുണ്ടെന്നു ഹെന്ന പറയുന്നു. 

കേരളത്തിൽ മോട്ടർ റേസിങ്ങിനു പ്രചാരവും പ്രോത്സാഹനവും കുറവാണെന്നാണു ഹെന്ന പറയുന്നത്. കാർ റാലികൾ നടക്കുന്നുണ്ടെങ്കിലും കാർട്ടിങ്ങിനും റേസിങ്ങിനും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. കോഴിക്കോട്ട് സരോവരത്തുണ്ടായിരുന്ന കാർട്ടിങ് ട്രാക്ക് പൂട്ടിപ്പോയി.വൻ സാമ്പത്തിക ബാധ്യതയുള്ള മോട്ടർ റേസിങ് സ്പോൺസർഷിപ്പില്ലാതെ കൊണ്ടുപോകുക വിഷമമാണ്. ട്രാക്ക് സ്യൂട്ടിനു മാത്രം വേണം ഒരു ലക്ഷം മുതൽ 1.15 ലക്ഷം വരെ. ചെലവാകുന്ന തുകയെക്കാൾ കുറവാണ് സമ്മാനത്തുക. സാമൂഹിക പ്രവർത്തകനായ പിതാവ് ജയന്ത് കുമാറിന്റെയും മുൻ കോർപറേഷൻ കൗൺസിലറും സംസ്ഥാന ക്രിക്കറ്റ് താരവുമായിരുന്ന ഹൻസ ജയന്തിന്റെയും മകളാണ്.

Related Articles

Leave a Reply

Back to top button