മലയാള സിനിമയിലെ ക്രൈം ത്രില്ലർ ഹിറ്റുകളുടെ കൂട്ടത്തിൽ തിളക്കമുള്ള സിനിമയായി ചേർക്കപ്പെടുകയാണ് ഒരു അന്വേഷണത്തിന്റെ തുടക്കം. ഷൈൻ ടോം ചാക്കോയെ കേന്ദ്രകഥാപാത്രമാക്കി പുറത്തിറങ്ങിയ ചിത്രം തിയേറ്ററിൽ പ്രേക്ഷകനെ ത്രില്ലടിപ്പിച്ച് കയ്യടി നേടി മുന്നേറുകയാണ്. എംഎ നിഷാദ് തന്റെ പ്രിയ പിതാവ് പിഎം കുഞ്ഞിമൊയ്തീന്റെ ജീവിതത്തിൽ സംഭവിച്ച, അദ്ദേഹം അറിഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെടുത്തിയെടുത്ത ചിത്രമാണിത്. സംവിധായകൻ സുപ്രധാനമായ ഒരു മുഴുനീള കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.
ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ പ്രവചനാതീതമായി മുന്നേറുന്ന ചിത്രം, സാമൂഹിക പ്രശ്നങ്ങളിലേക്ക് കൂടി വിരൽ ചൂണ്ടുന്നുണ്ട്. ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച പ്രധാന കഥാപാത്രം ഒരു ജേർണലിസ്റ്റ് എങ്ങനെയാകണമെന്ന ചോദ്യത്തിന് ഉത്തരം നൽകി കൂടിയാണ് മുന്നേറുന്നത്. മാധ്യമ പ്രവർത്തകനായ ജീവൻ തോമസ്സിൻ്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസുമാണ് ചിത്രത്തിൽ ഏറ്റവും പ്രധാനമായി സംസാരിക്കുന്നത്.
പ്രേക്ഷക ഹൃദയത്തിൽ സിനിമ ഇടം നേടുന്നതിന് പ്രധാന കാര്യങ്ങളിലൊന്ന് അഭിനേതാക്കളുടെ മികവുറ്റ പ്രകടനമാണ്. എഴുപതിലധികം താരങ്ങൾ അഭിനയിച്ച ചിത്രം ഓരോ കഥാപാത്രത്തിലേക്കും ഇറങ്ങി ചെല്ലാൻ പ്രേക്ഷകന് അവസരം നൽകുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെ വന്ന വാണി വിശ്വനാഥിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. തന്നിൽ ഇപ്പോഴും ആക്ഷൻ രംഗങ്ങൾ ഭദ്രമാണെന്ന് ഉറപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ താരത്തിനുള്ളത്.
അഭിനയ പ്രകടനങ്ങൾക്ക് കയ്യടിക്കുന്നതിനൊപ്പം വളരെ ആഴത്തിൽ ദൃഢമായ തിരക്കഥയ്ക്കും മികവാർന്ന സംവിധാന മികവിനും കയ്യടി നൽകുന്നുണ്ട് പ്രേക്ഷകർ . ചിത്രത്തിന്റെ ഛായാഗ്രഹണവും എടുത്ത് പറയേണ്ടതാണ്. ഒരു ത്രില്ലർ സിനിമയ്ക്ക് വേണ്ട ചടുലത കൈവിടാതെയുള്ള ചിത്രീകരണം പ്രേക്ഷകനെ തീയറ്ററിൽ പിടിച്ചിരുത്തുന്നു. വിവേക് മേനോനാണ് ക്യാമറയ്ക്ക് പിന്നിൽ. ചിത്രസംയോജനം ജോൺകുട്ടിയും, ഹൃദയഹാരിയായ ഗാനങ്ങളുടെ സംഗീതം എം ജയചന്ദ്രനാണ്.