കൈപിടിച്ച് കെ.കെ രമ; അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി, ആശംസകൾ നേർന്ന് പ്രമുഖർ

കോഴിക്കോട് : ടി.പി. ചന്ദ്രശേഖരന്റെയും വടകര എം.എല്‍.എ. കെ.കെ. രമയുടേയും മകന്‍ അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി. കോഴിക്കോട് ചാത്തമംഗലം സ്വദേശിയാണ് റിയ. വടകര വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. കെ.കെ.രമയുടെ കൈ പിടിച്ച് അഭിനന്ദ് വിവാഹ മണ്ഡപത്തിലേക്കു കടന്നുവന്നപ്പോൾ നിറഞ്ഞമനസ്സോടെ അതിഥികൾ ഒപ്പം നിന്നു.
കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെയും കെ.കെ.രമ എംഎൽഎയുടെയും മകൻ ആർ.സി.അഭിനന്ദും റിയ ഹരീന്ദ്രനും തമ്മിലുള്ള വിവാഹത്തിനു രാഷ്ട്രീയ, പൊതുരംഗത്തെ പ്രമുഖരാണു സാക്ഷ്യം വഹിച്ചത്. രാവിലെ പതിനൊന്നരയോടെ വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലെ മണ്ഡപത്തിലേക്കാണ് അഭിനന്ദ് രമയുടെ കൈ പിടിച്ച് എത്തിയത്. ചാത്തമംഗലം വട്ടോളി പരേതനായ പി.സി.ഹരീന്ദ്രൻ, കെ.വി.പ്രസന്ന എന്നിവരുടെ മകളാണു വധു റിയ ഹരീന്ദ്രൻ. അഭിനന്ദ് മുംബൈയിൽ ജെഎസ്ഡബ്ല്യു കമ്പനിയിലാണ് ജോലി ചെയ്യുന്നത്. 2012ൽ ടിപി കൊല്ലപ്പെടുമ്പോള്‍ അഭിനന്ദിന് 17 വയസ്സായിരുന്നു.
ഒഞ്ചിയത്ത് വലിയ സംഘർഷാവസ്ഥ നിലനിന്നതിനാൽ അഭിനന്ദു മറ്റു സ്ഥലങ്ങളിൽനിന്നാണു പഠനം പൂർത്തിയാക്കിയത്. കേരളം ഞെട്ടിയ രാഷ്ട്രീയ കൊലപാതകത്തിനിരയായ ടിപിയുടെ മകന്റെ വിവാഹത്തിനു കക്ഷി,രാഷ്ട്രീയ ഭേദമന്യേ കേരളത്തിന്റെ നാനതുറകളിൽനിന്നുള്ളവർ പങ്കെടുത്തു. സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ, ഷാഫി പറമ്പിൽ, വി.ടി.ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ പ്രമുഖരും വിവാഹത്തിനെത്തി വധൂവരൻമാർക്ക് ആശംസ നേർന്നു.





