
കണ്ണൂർ : താവക്കര ഗവ.യുപി സ്കൂളിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11 ഒാടെയാണ് സംഭവം.
ഒരേവശത്ത് പോവുകയായിരുന്ന ഓട്ടോറിക്ഷ, ഗുഡ്സ് ഓട്ടോ, പുതിയ ബസ് സ്റ്റാന്റിലേക്ക് പോവുകയായിരുന്ന രണ്ട് സ്വകാര്യ ബസുകൾ എന്നിവയാണ് ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചത്.
ബസ് ഇടിച്ചതിന്റെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ എതിർവശത്തുള്ള കോംപ്ലക്സിന്റെ കൈവരിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ആര്യ (കോളാരി), വിജിത (കാനാട്), ഹാഷിം (കോളയാട് ), സൗമ്യ (കമ്പിൽ), അസ്ന(ഉളിക്കൽ), ഹിനായത്തുള്ള (നടാൽ) എന്നിവരെ കണ്ണൂർ എ.കെ.ജി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ട്രാഫിക് പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അപകടത്തിൽ പെട്ട് റോഡിൽ ചിതറിക്കിടന്ന ബസ്സിന്റെ ചില്ലുകൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.





