
ആയഞ്ചേരി : ആയഞ്ചരി പഞ്ചായത്ത് മംഗലാട് വാർഡിൽ അക്വഡേറ്റിന് സമീപം സ്ഥാപിച്ച മിനി എം.സി.എഫ്. സമൂഹ വിരുദ്ധർ കത്തിച്ചതായി പരാതി.
ബുധനാഴ്ച രാത്രി 12 മണിയോടെയാണ് മിനി എം.സി.എഫിന് തീപിടിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് ചേലക്കാട് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. വടകര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നുണ്ട്. ഹരിതകർമസേന വാർഡിൽനിന്ന് ശേഖരിച്ച് സൂക്ഷിച്ച പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾക്കാണ് സമൂഹ വിരുദ്ധർ തീയിട്ടത്. പ്ലാസ്റ്റിക്ക് കത്തിക്കുന്നത് കാരണമുള്ള പ്രശ്നങ്ങൾ തടയുന്നതിനാണ് ഹരിതകർമസേന വഴി ശേഖരിച്ച് കയറ്റി അയക്കുന്നത്.
ഒരുവർഷം മുൻപ് മംഗലാട് ഭാഗത്തും അഞ്ചുമാസം മുൻപ് കടമേരിയിലും മിനി എം.സി.എഫ്. കത്തിച്ചിരുന്നു. ആ സമയത്തൊന്നും അന്വേഷണം നടത്തി കുറ്റക്കാർക്കുനേരേ നടപടി എടുത്തിരുന്നില്ല.
കുറ്റക്കാർക്കുനേരേ ശക്തമായ നടപടി എടുക്കണമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡൻറ് തയ്യിൽ ആസ്യ പറഞ്ഞു.വൈസ് പ്രസിഡൻറ് കണ്ണോത്ത് ദാമോദരൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കിളിയമ്മൽ കുഞ്ഞബ്ദുള്ള, വാർഡംഗം അക്കരോൽ അബ്ദുള്ള എന്നിവർ ഒപ്പമുണ്ടായിരുന്നു.





