
ബംഗളൂരു : കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തിൽ നാലുപേർ പൊലീസ് പിടിയിലായി. ‘വരാഹെ അനലിറ്റിക്സ്’ എന്ന ബി.ജെ.പിയുമായി ബന്ധമുള്ള സ്ഥാപനത്തിലെ മറ്റൊരാളും കേസിലെ പ്രതിയാണ്. ഇയാൾ ഒളിവിലാണ്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി) വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഘം പാർട്ടിയെയും നേതാക്കളെയും അപകീർത്തിപ്പെടുത്തുന്ന വ്യാജ വെബ്സൈറ്റ് അതേ വിലാസത്തിൽ നൽകുകയും ചെയ്തിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിന്റെ ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. ഹാസൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘വെറ്റ് ഫാബ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട ധർമേഷ് ജയിൻ, അരുൺ, സിദ്ദാർഥ്, വെങ്കടേഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ കോൺഗ്രസ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പാർട്ടിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് അതിന്റെ സ്ഥാനത്ത് കോൺഗ്രസിനെതിരായ കാര്യങ്ങൾ ഉൾപ്പെട്ട വ്യാജ വെബ്സൈറ്റ് സ്ഥാപിക്കുകയായിരുന്നു.
കോൺഗ്രസ് വർഗീയ-അഴിമതി പാർട്ടിയാണെന്ന് പറയുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ ഉണ്ടായിരുന്നു. പൊതുജനമധ്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ കോൺഗ്രസ് നേതാക്കളുടെ ഫോട്ടോകളും ഇതിൽ ഉണ്ടായിരുന്നു. സൈബർ ക്രൈം പൊലീസ് ഉടൻ തന്നെ വ്യാജ വെബ്സൈറ്റിന്റെ രജിസ്ട്രേഷൻ, ലോഗ് അടക്കമുള്ള കാര്യങ്ങൾ ശേഖരിച്ചു. ഹാസനിലുള്ള വെറ്റ് ഫാബ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് അന്വേഷണം നീളുകയായിരുന്നു. ഇവർക്ക് ബംഗളൂരുവിലും ഓഫിസുണ്ട്. ഇവരാണ് വ്യാജ വെബ്സൈറ്റ് തയാറാക്കിയതും അപ്ലോഡ് ചെയ്തതും.
ബംഗളൂരുവിലെയും ഹാസനിലെയും ഓഫിസുകളിൽ നിന്നാണ് പ്രതികൾ അറസ്റ്റിലായത്. വ്യാജ വെബ്സൈറ്റ് അപ്ലോഡ് ചെയ്തതിന് പണം നൽകിയത് ധർമേഷ് ജെയിനും അരുണുമാണ്. ഹാസൻ ഓഫിസിലെ ജോലിക്കാരനായിരുന്നു വെങ്കടേഷ്. ബാക്കിയുള്ള മൂന്നുപേർ സ്ഥാപനത്തിന്റെ ഡയറക്ടർമാരും. വരാഹെ അനലിറ്റിക്സിൽ ജോലി ചെയ്തിരുന്ന ശശാങ്ക് ഭരദ്വാജാണ് വ്യാജ വെബ്സൈറ്റ് തയാറാക്കാനായി ഹാസനിലെ സ്ഥാപനവുമായി ബന്ധപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കായി അന്വേഷണം നടക്കുകയാണ്.





