Kozhikode

ദേശീയപാതയിലെ സർവീസ് റോഡിന്റെ തകർച്ച രൂക്ഷമായി

Please complete the required fields.




വടകര : വീണ്ടുമൊരു മഴക്കാലമെത്താറായിട്ടും ദേശീയപാതയിലെ സർവീസ്റോഡുകൾ പഴയപടിതന്നെ. കഴിഞ്ഞദിവസം പെയ്ത മഴയെത്തുടർന്ന് റോഡിന്റെ തകർച്ച ഒന്നുകൂടി രൂക്ഷമായി. പലയിടത്തും കുഴികൾ രൂപപ്പെട്ട് ചെളിവെള്ളം കെട്ടിക്കിടക്കുന്നു. മഴശക്തമാകുമ്പോൾ റോഡുതകർന്ന് ഗതാഗതം പ്രതിസന്ധിയിലാകുമെന്ന് മുൻവർഷത്തെ അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, കാലവർഷം തുടങ്ങാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ സർവീസ്റോഡ് നവീകരിക്കുന്നതിനുള്ള ശ്രമങ്ങളൊന്നും തുടങ്ങിയിട്ടില്ല.

ബസ്സുടമകളും തൊഴിലാളികളും വ്യാപാരികളും പൊതുസമൂഹവുമെല്ലാം ഈ ആവശ്യം ശക്തമാക്കുന്നുണ്ട്. വടകര ബൈപ്പാസിലെ സർവീസ്റോഡുകളുടെ സ്ഥിതി ഏതാണ്ട് കഴിഞ്ഞവർഷത്തേതുപോലെത്തന്നെയാണ്. പുതിയസ്റ്റാൻഡ് പരിസരംമുതൽ പെരുവാട്ടുംതാഴവരെ ഇരുവശത്തും സർവീസ്റോഡിലൂടെയാണ് ഇപ്പോൾ ഗതാഗതം. കഴിഞ്ഞവർഷം ഇത്രയുംദൂരം ഉണ്ടായിട്ടില്ല.
വീതികുറവായ സർവീസ്റോഡിലൂടെയുള്ള ഗതാഗതം, പൊതുവേ വാഹനങ്ങളുടെ മെല്ലെപ്പോക്കിന് കാരണമാകും. ഇതിനിടെ റോഡ് തകരുകയുംകൂടി ചെയ്താൽ കുരുക്ക് ശക്തമാകും.

മുൻവർഷത്തെക്കാൾ ശക്തമായ ഗതാഗതക്കുരുക്കായിരിക്കും ഇത്തവണ റോഡ് നവീകരിച്ചില്ലെങ്കിൽ ഉണ്ടാവുക. നാരായണനഗരം ജങ്ഷന് സമീപം റോഡിൽ വലിയ കുഴിയുണ്ട്. വെള്ളം നിറഞ്ഞാൽ ഇരുചക്രവാഹനങ്ങൾക്ക് ഇത് ഭീഷണിയാണ്. പുതിയ സ്റ്റാൻഡിന്റെ ഒരുവശംവഴിയാണ് ഇപ്പോഴും വാഹനങ്ങൾ പോകുന്നത്. ഇത് ബസുകൾക്കുൾപ്പെടെ വലിയ പ്രയാസം തീർക്കുന്നുണ്ട്. ലിങ്ക് റോഡ് ജങ്ഷന് സമീപവും കുഴികൾ രൂപപ്പെട്ടുതുടങ്ങി. അടയ്ക്കാത്തെരു ജങ്ഷന് സമീപവും ഇതുതന്നെ സ്ഥിതി. കരിമ്പനപ്പാലത്തെ കുഴികൾ വലിയ ഗതാഗതക്കുരുക്കിന് ഇപ്പോൾത്തന്നെ കാരണമാകുന്നുണ്ട്.

Related Articles

Back to top button