Kozhikode

ഓടവെള്ളത്തിൽ വീഴാതിരിക്കാൻ വഴിയുണ്ടാക്കണം

Please complete the required fields.




കോഴിക്കോട് : നഗരത്തിലെ ഏഴോളം സ്കൂളുകളിലേക്കുള്ള കുട്ടികളുൾപ്പെടെ ഒട്ടേറെ യാത്രക്കാർ ദിവസവും പോകുന്ന വഴി. എന്നാൽ ഈ വഴിയൊന്ന് കടന്നുകിട്ടാൻ ഓടയിലെ വെള്ളത്തിലിറങ്ങി കടക്കാതെ പറ്റില്ലെന്ന ഗതികേടിലാണ് യാത്രക്കാർ. നളന്ദ ഹോട്ടലിന്റെ ഭാഗത്തുനിന്ന് ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിനടുത്തേക്ക് എളുപ്പത്തിലെത്താവുന്ന നടവഴിയിലാണ് ഓടയിലെ വെള്ളം കരകവിഞ്ഞൊഴുകി കെട്ടിക്കിടക്കുന്നത്. പതിറ്റാണ്ടുകളായി യാത്രക്കാരുപയോഗിക്കുന്ന വഴിയാണിത്. കോടതിയിലേക്കും കോർപ്പറേഷനിലേക്കുമുള്ള ജീവനക്കാരും ഈ വഴിയാണ് പോകുന്നത്.

സെയ്ന്റ് ജോസഫ്‌സ് ബോയ്‌സ് ഹയർസെക്കൻഡറി സ്കൂൾ, സെയ്ന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, ലയോള സ്കൂൾ കോഴിക്കോട്, സെയ്ന്റ് ആന്റണീസ് യുപി സ്കൂൾ, സെയ്ന്റ് എയ്ഞ്ചലാസ് എയുപി സ്കൂൾ, ഹിമായത്തുൽ ഇസ്‌ലാം ഹയർസെക്കൻഡറി സ്കൂൾ, ഗുജറാത്തി വിദ്യാലയ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കെല്ലാമുള്ള വിദ്യാർഥികൾ ബസ് സ്റ്റോപ്പിലേക്കുൾപ്പെടെ എളുപ്പത്തിൽ നടന്നുപോകാൻ ഉപയോഗിക്കുന്ന റോഡാണിത്. വാഹനങ്ങളെ പേടിക്കാതെ പെട്ടെന്നെത്താമെന്നതാണ് പ്രത്യേകത. അല്ലെങ്കിൽ കുട്ടികളുൾപ്പെടെ ഏറെദൂരം ചുറ്റിവളഞ്ഞ് പോകണം.എന്നാൽ, മഴപെയ്തതോടെ ഓടയിലെ മലിനജലം മുകളിലെ ചെറിയ ദ്വാരത്തിലൂടെ കവിഞ്ഞൊഴുകി റോഡ് നിറഞ്ഞ് കെട്ടിക്കിടക്കുകയാണ്. ഇതുവഴി പോകാൻ ആരോ കല്ലുകൾ നിരത്തിയിട്ടുണ്ടെങ്കിലും അതിൽ കയറി നാലഞ്ചു ചുവടുകൾ വെച്ചാലും വെള്ളത്തിലേക്ക് ചാടാതെ അപ്പുറത്തെത്താനാവില്ല. മാത്രമല്ല പ്രായമുള്ളവർക്കും മറ്റും ഈ കല്ലിൽ ചവിട്ടി അപ്പുറം കടക്കൽ ഏറെ പ്രയാസമാണ്.

എവിടെനിന്നെല്ലാമുള്ള മലിനജലമാണ് ഓടയിലൂടെ എത്തുന്നതെന്നറിയില്ല. മാത്രമല്ല വഴിയരികിലെ മതിലിനോടുചേർന്ന് ആളുകൾ മൂത്രമൊഴിക്കുന്നതും പതിവാണ്. ഈ മൂത്രമുൾപ്പെടെ കലർന്ന വെള്ളമാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. എലിപ്പനിയുൾപ്പെടെ പകരുന്ന സാഹചര്യത്തിൽ മലിനജലത്തിൽ ഇറങ്ങി കടക്കുന്നത് ഒട്ടും സുരക്ഷിതമല്ലാത്തതിനാൽ നല്ലപേടിയുണ്ടെന്ന് യാത്രക്കാർ പറയുന്നു.
പ്രശ്നം ഹെൽത്ത് ഇൻസ്പെക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി എന്തെങ്കിലും ചെയ്യാനാകുമോയെന്ന് പരിശോധിക്കുമെന്ന് കൗൺസിലർ എസ്.കെ. അബൂബക്കർ പറഞ്ഞു.

Related Articles

Back to top button