
താമരശ്ശേരി: കട്ടിപ്പാറ ചെമ്പ്ര കുണ്ടയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് സ്കൂട്ടർ യാത്രികന് പരിക്ക്. പുലർച്ചെ ജോലി സ്ഥലത്തേയ്ക്ക് പോകുകയായിരുന്ന കൊടച്ചേരിപൊയിൽ രാജുവിനാണ് ചെമ്പ്ര അങ്ങാടിക്ക് സമീപത്ത് വെച്ച് കുത്തേറ്റത്. കാട്ടുപന്നി വാഹനത്തിന്റെ മുന്നിലേക്ക് എടുത്ത് ചാടുകയും രാജുവിനെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. പരിക്കേറ്റ രാജു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് ഓട്ടോറിക്ഷ തൊഴിലാളി കൂരാച്ചുണ്ട് സ്വദേശി റഷീദ് കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ടിരുന്നു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിയുടെ അക്രമം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. രാത്രിയിൽ ചെറിയ വാഹനങ്ങൾ ഓടിച്ചു പോകുന്നവർക്കാണ് കാട്ടുപന്നികൾ കൂടുതൽ ഭീഷണിയാകുന്നത്.





