
കൊയിലാണ്ടി: വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് വീട്ടമ്മയുടെ മാല കവർന്നു. കൊല്ലം യു.പി സ്കൂളിന് എതിർവശം പ്രശാന്തിയില്‍ ജനാര്ദനന് മാസ്റ്ററുടെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് ജനാര്ദനന് മാസ്റ്ററും ഭാര്യ ശാന്തയും പുറത്തിറങ്ങി നോക്കിയപ്പോള്‍ അടുക്കളയുടെ ഒരു വാതില്‍ തകർത്ത നിലയിലായിരുന്നു.
ജനാര്ദനൻ മാസ്റ്റര്‍ വീട്ടിലുണ്ടായിരുന്ന മകനെ വിളിക്കാന്‍ പോയ സമയത്ത് രണ്ടാമത്തെ വാതില്‍ പൊളിച്ച് അകത്തേക്കു കടന്ന കള്ളന് ഇടനാഴിയിലുണ്ടായിരുന്ന ശാന്തയുടെ കഴുത്തിലെ രണ്ടര പവന്റെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.





