പുതുക്കിയ ഉത്തര സൂചിക വച്ച് കെമിസ്ട്രി മൂല്യ നിർണയം തുടങ്ങി; 28000പേപ്പറും പുന:പരിശോധിക്കും

തിരുവനന്തപുരം: പുതുക്കിയ ഉത്തര സൂചിക ഉപയോഗിച്ചുള്ള പ്ലസ് 2 കെമിസ്ട്രി മൂല്യ നിർണയം തുടങ്ങി.കൂടുതൽ ഉത്തരങ്ങൾ പുതിയ സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉൾപ്പെട്ട വിദഗ്ദ സമിതിയാണ് പുതിയ സൂചിക തയ്യാറാക്കിയത്.
നിലവിൽ പരിശോധിച്ച 28, 000 പേപ്പറും പുതിയ ഉത്തരസൂചിക അനുസരിച്ച് വീണ്ടും പരിശോധിക്കും. ഉത്തര സൂചികയിൽ തെറ്റുണ്ടായിരുന്നുവെന്ന് ഇപ്പോൾ പറയുന്നില്ല. ഫല പ്രഖ്യാപനം വരട്ടെ അപ്പോൾ എല്ലാം പറയാം. എല്ലാ കാര്യങ്ങളും പ്രിൻസിപ്പിൽ സെക്രട്ടറി പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു
അധ്യാപകർ ബഹിഷ്കരിച്ചതിനെ തുടർന്ന് 3 ദിവസം മൂല്യനിർണയം സ്തംഭിച്ചിരുന്നു. ഉത്തരസൂചികയിൽ അപാകത ഇല്ലെന്നായിരുന്നു സർക്കാർ ആദ്യം ആവർത്തിച്ചിരുന്നത് എങ്കിലും അധ്യാപകർ പ്രതിഷേധം കടുപ്പിച്ചതോടെയായിരുന്നു പുതുക്കിയ ഉത്തരസൂചിക ഇറക്കാനുള്ള തീരുമാനം ഉണ്ടായത്





