Kozhikode

പെരുന്നാൾദിനത്തിൽ കഞ്ഞികുടിച്ച് ഹർഷിനയുടെ പ്രതിഷേധം

Please complete the required fields.




കോഴിക്കോട് : ശസ്ത്രക്രിയയെത്തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതിതേടി മെഡിക്കൽ കോളേജിനു മുന്നിൽ 39 ദിവസമായി സത്യാഗ്രഹമിരിക്കുന്ന കെ.കെ. ഹർഷിന ബലിപെരുന്നാൾദിനത്തിൽ സമരപ്പന്തലിൽ കഞ്ഞികുടിച്ച് പ്രതിഷേധിച്ചു. ആഘോഷങ്ങളേതുമില്ലാതെ പെരുന്നാൾദിവസവും സമരം തുടരുന്ന ഹർഷിനയ്ക്കും കുടുംബത്തിനും സമരസഹായസമിതി പ്രവർത്തകർ പന്തലിൽ കഞ്ഞിവെച്ചുനൽകുകയായിരുന്നു.

“ജനിച്ചശേഷം ആദ്യമായിട്ടാണ് പുതുവസ്ത്രങ്ങളും ഇഷ്ടഭക്ഷണങ്ങളുമില്ലാതെ ഇങ്ങനെയൊരു പെരുന്നാൾ. മക്കൾക്കുപോലും ഒന്നും നൽകാൻ കഴിഞ്ഞില്ല. ഇതുകൊണ്ടെങ്കിലും ആരോഗ്യമന്ത്രിയും സർക്കാരും കണ്ണുതുറക്കണം” -ഹർഷിന പറഞ്ഞു. അഞ്ചുവർഷത്തോളം വയറ്റിൽ ചുമന്ന കത്രികയുടെ അവകാശിയെ കണ്ടെത്തുക, അർഹമായ നഷ്ടപരിഹാരം നൽകുക, കേസിൽ അനാസ്ഥ കാട്ടിയ ഡോക്ടറടക്കമുള്ളവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർഷിന ഉന്നയിക്കുന്നത്.

പ്രതിഷേധം സമരസഹായസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ ഉദ്ഘാടനംചെയ്തു. കൺവീനർ മുസ്തഫ പാലാഴി അധ്യക്ഷനായി. അഷ്‌റഫ് മണക്കടവ്, എം.ടി. സേതുമാധവൻ, എം.വി. അബ്ദുല്ലത്തീഫ്, ഇ.പി. അൻവർ സാദത്ത്, മാത്യു ദേവഗിരി, പി.എം. ദിലീപ് കുമാർ, നാസർ മണക്കടവ്, അൻഷാദ് മണക്കടവ്, പി.കെ. അബ്ദുറഹിമാൻ, അനില പേരാമ്പ്ര, ആയിഷ കുരുവട്ടൂർ, കെ.ഇ. സാബിറ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button