കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; സെക്യൂരിറ്റി സൂപ്പർവൈസർക്കെതിരെ കേസെടുത്തു

കോഴിക്കോട് : ജില്ല ജനറൽ (ബീച്ച്) ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സെക്യൂരിറ്റി സൂപ്പർവൈസർക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തു.
സെക്യൂരിറ്റി സൂപ്പർവൈസർ സുരേഷിനെതിരെയാണ് കേസെടുത്തത്. താൽക്കാലിക ജീവനക്കാരനായ ഇയാളെ താൽക്കാലികമായി ജോലിയിൽനിന്ന് മാറ്റിനിർത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു. യുവതി ജോലികഴിഞ്ഞ് വസ്ത്രം മാറി മടങ്ങുമ്പോൾ സുരേഷ് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ആശുപത്രി വികസന സമിതിക്കു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ദലിത് യുവതിയാണ് പരാതിക്കാരി.
ഇക്കഴിഞ്ഞ 30ന് ഇവരുടെ കാലാവധി അവസാനിച്ചിരുന്നു. 29നാണ് യുവതിയുടെ പരാതി ലഭിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് ആഭ്യന്തര അന്വേഷണം നടത്തുകയും പരാതി പൊലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് വെള്ളയിൽ പൊലീസ് വ്യാഴാഴ്ച യുവതിയെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.





