Kozhikode

നാട്ടുകാരിൽ ആരോ നൽകിയ പരാതി: മുഹമ്മദലി മരിച്ചതായി കേസെടുത്ത പൊലീസ് ഇൻക്വസ്റ്റിനെത്തിയപ്പോൾ ഞെട്ടി

Please complete the required fields.




കോഴിക്കോട്: അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവാവ് മരിച്ചെന്ന വാർത്ത. നാട്ടുകാരിൽ ആരോ നൽകിയ പരാതിയിൽ മരിച്ചതായി കേസെടുത്ത പൊലീസ് പിറ്റേന്ന് ഇൻക്വസ്റ്റിനെത്തിയപ്പോൾ ഞെട്ടി, മൃതദേഹം കാണാനില്ല.വിശദ അന്വേഷണത്തിൽ തിരിച്ചറിഞ്ഞു പരേതൻ മെഡിക്കൽ കോളജിൽ ജീവനോടെയുണ്ട്! . താമരശ്ശേരിയിൽ ബൈക്ക് നിയന്ത്രണം വിട്ടു ഓവുചാലിലേക്കു മറിഞ്ഞു പരുക്കേറ്റ മുഹമ്മദലിയെ(45) ആണ് കൊല്ലാതെ കൊന്നത്.

മർകസ് നോളജ് സിറ്റി ജീവനക്കാരനായ മുഹമ്മദലിക്ക് വെള്ളിയാഴ്ച വൈകിട്ടാണു താമരശ്ശേരി തച്ചംപൊയിൽ വച്ച് അപകടത്തിൽ പരുക്കേറ്റത്. തലയ്ക്കും കാലിനും പരുക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എന്നാൽ ശനിയാഴ്ച രാവിലെയോടെ മുഹമ്മദലി മരിച്ചതായി നാട്ടിൽ പ്രചാരണമുണ്ടായി. ഇതേ തുടർന്നു നാട്ടുകാരിൽ ഒരാൾ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ മരണ വിവരം അറിയിക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. മെഡിക്കൽ കോളജിൽ  ചികിത്സയിൽ കഴിയുന്ന ഒരാൾ മരിച്ചാൽ ഡ്യൂട്ടി ഡോക്ടർ മെഡിക്കൽ കോളജ് പൊലീസിൽ വിവരം അറിയിക്കണം.

അവിടെ നിന്ന്  സംഭവമുണ്ടായ പൊലീസ് സ്റ്റേഷനിലേക്ക് അറിയിക്കുകയും അവിടെ കേസെടുക്കുകയും ചെയ്യുന്നതാണു നിലവിലെ നടപടിക്രമം. ചില സാഹചര്യങ്ങളിൽ അടുത്ത ബന്ധുക്കൾ നേരിട്ടു നൽകുന്ന പരാതിയിലും കേസെടുക്കാറുണ്ട്. എന്നാൽ ഇതു രണ്ടുമല്ലാതെ നാട്ടുകാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ വിളിച്ചു സ്ഥിരീകരിക്കുകയും ചെയ്തില്ല. പൊലീസ് കേസെടുത്ത് എഫ്ഐആർ റജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ മാധ്യമങ്ങൾ മുഹമ്മദലിയുടെ മരണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

മരണ വാർത്ത അറിഞ്ഞ് ബന്ധുക്കൾ അടക്കമുള്ളവർ ആശുപത്രിയിൽ എത്തുകയും ചെയ്തു. ഇന്നലെ രാവിലെ താമരശ്ശേരി പൊലീസ് മെഡിക്കൽ കോളജ് മോർച്ചറിയിൽ ഇൻക്വസ്റ്റിനായി എത്തി. എന്നാൽ മൃതദേഹം ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദലി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതായി മനസ്സിലായത്. മുഹമ്മദലി ഏറെ നാളായി തനിച്ചാണു താമസം. ബന്ധുക്കൾ ഇല്ലാത്തതു കൊണ്ടാണ് നാട്ടുകാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടികൾ വേഗത്തിലാക്കിയതെന്നാണു പൊലീസിന്റെ വിശദീകരണം

Related Articles

Leave a Reply

Back to top button