
തിരുവനന്തപുരം: ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഊരുകളിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരുടെ സേവനമായ ഊരുമിത്രം പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലവിൽ 11 ജില്ലകളിലാണ് പദ്ധതിയുടെ സേവനം ലഭ്യമാവുന്നത്.
ഊരുമിത്രം (ഹാംലെറ്റ് ആശ) പദ്ധതി കൂടുതൽ ശക്തമായി നടപ്പിലാക്കുന്നതിനുള്ള നടപടികളാണ് നടന്നു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരുടെ സംഗമമായ ‘ഹാംലൈറ്റ് ആശ സംഗമം’ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.





