
സംസ്ഥാനത്തെ പ്രമുഖ ഇക്കോടൂറിസം കേന്ദ്രമായ ഗവി വേനലവധിക്കാലത്ത് അടച്ചിട്ടിരിക്കുന്നത് വിനോദസഞ്ചാരികളെ നിരാശയിലാക്കുന്നു. വനമേഖലയില്‍ കാട്ടുതീ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. മുമ്പൊരിക്കലും ഇത്തരം നിയന്ത്രണം ഇല്ലായിരുന്നെന്ന് വിനോദസഞ്ചാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഗവിയിലേക്ക് ഏറ്റവുമധികം സഞ്ചാരികള്‍ വരുന്ന സമയമാണിത്. സഞ്ചാരികളുടെ വരവ് നിലച്ചത്, ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ആളുകളെ പ്രതിസന്ധിയിലാക്കി.
മാര്‍ച്ച് 11-മുതല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുകയാണ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലൂടെയായി ഗവി മേഖലയിലേക്കുള്ള വഴികളിലെ ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ടാക്സി സര്‍വീസ് തുടങ്ങിയവ സജീവമാകുന്ന സമയമായിരുന്നു ഇത്. ഇത്തവണ ഇതെല്ലാം പ്രതിസന്ധിയിലാണ്. വേനല്‍ച്ചൂട് കടുത്തതോടെ വനമേഖലയില്‍ തീപിടിത്തത്തിനുള്ള സാധ്യത കൂടുതലാണ്. ഇത്തവണ നേരത്തേതന്നെ വേനല്‍ കടുത്തതാണ് കര്ശനനിയന്ത്രണമേര്പ്പെടുത്താന് കാരണമെന്ന് അധികൃതര്‍ പറയുന്നു.
ഇടയ്ക്കിടെ വേനല്‍മഴ ലഭിച്ചതിനാല്‍ വനംവകുപ്പ് ഉന്നയിക്കുന്നത്ര പ്രശ്നങ്ങളില്ലെന്നും എതിര്‍വാദമുണ്ട്. ആങ്ങമൂഴി മുതല്‍ വള്ളക്കടവ് വരെ ഏകദേശം 65 കിലോമീറ്റര്‍ ദൂരം നിബിഡവനമാണ്. ഈ മേഖലയിലൂടെ പോകുന്നവരെ നീരീക്ഷിക്കാന്‍ വനംവകുപ്പിന് സംവിധാനമില്ലാത്തതാണ് വെല്ലുവിളിയാകുന്നത്.
മൂഴിയാര്‍, കക്കി, ആനത്തോട്, കൊച്ചുപമ്പ എന്നിവിടങ്ങളിലായി പോലീസിന്റേയും വനംവുകുപ്പിന്റേയും ചെക്ക് പോസ്റ്റുകള്‍ ഉണ്ട്. എന്നാല്‍ സഞ്ചാരികള്‍ കടന്നുപോകുന്ന ഏറിയ ദൂരവും വനംവകുപ്പിന് യാതൊരു നിരീക്ഷണ സംവിധാനവുമില്ല. അലക്ഷ്യമായി ഒരു സിഗരറ്റുകുറ്റി വലിച്ചെറിഞ്ഞാല്‍പോലും വനത്തില്‍ തീപടരാനിടയുണ്ട്. ചൂടു കൂടിയതിനാല്‍ കാട്ടാനകളുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ അസ്വസ്ഥരാണ്. ഇവ റോഡിലിറങ്ങാനുള്ള സാധ്യയും കൂടുതലാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിനോദസഞ്ചാരികള്‍ മൃഗങ്ങളെ പ്രകോപിപ്പിച്ചാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും വനപാലകര്‍ പറയുന്നു.
ഗവി ഉള്‍പ്പെടുന്ന ശബരിഗിരി വനമേഖലയും പെരിയാര്‍ കടുവ സങ്കേതവുമെല്ലാംകൂടി ഉള്‍പ്പെടുന്ന ഈ മേഖല അപൂര്‍വ ജന്തു-ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. അതുകൊണ്ടുതന്നെ വനമേഖലയുടെ സംരക്ഷണവും ഏറെ പ്രാധാന്യമുള്ളതാണ്.





