അടുത്ത നീക്കം ക്യൂബയ്‌ക്കെതിരെ; മാർക്കോ റൂബിയോയുടെ കരുനീക്കങ്ങളെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ്

വാഷിങ്ടൺ: ഇറാനിലെ സൈനിക നടപടികൾക്ക് ശേഷം ക്യൂബയിലെ കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. വൈറ്റ് ഹൗസ് സന്ദർശിച്ച ഇന്റർ മയാമി ഫുട്‌ബോൾ ടീമിന് നൽകിയ സ്വീകരണത്തിനിടെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ക്യൂബയ്‌ക്കെതിരെ ശക്തമായ നീക്കങ്ങൾ നടത്തുന്ന വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് ട്രംപ് ചടങ്ങിൽ നന്ദി അറിയിച്ചു.
ക്യൂബയുടെ സമ്പദ്‌വ്യവസ്ഥയെ ഞെരുക്കുന്നതിനായി അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളെ ട്രംപ് അഭിനന്ദിച്ചു. ജനുവരിയിൽ വെനസ്വേലയിൽ അധിനിവേശം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ശേഷമാണ് ട്രംപ് ക്യൂബയെ ലക്ഷ്യം വെക്കുന്നത്. ക്യൂബയുടെ പ്രധാന എണ്ണ സ്രോതസ്സായ വെനസ്വേലയിൽ നിന്നുള്ള വിതരണം ട്രംപ് പൂർണ്ണമായും തടസ്സപ്പെടുത്തി.
കൂടാതെ, ക്യൂബയ്ക്ക് എണ്ണ വിൽക്കുന്ന മറ്റ് രാജ്യങ്ങൾക്കെതിരെയും ഉപരോധം ഏർപ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭരണമാറ്റം ലക്ഷ്യമിട്ട് ക്യൂബയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനാണ് അമേരിക്കൻ ഭരണകൂടം നിലവിൽ ശ്രമിക്കുന്നത്.





