
വടകര : ഓട്ടോയിൽ മറന്നുവെച്ച ഏഴുലക്ഷം രൂപ അടങ്ങിയ ബാഗ് ഉടമസ്ഥന് തിരികെ നൽകി വടകരയിലെ ഓട്ടോ ഡ്രൈവർ. വടകരയിൽ ഓട്ടോ സർവീസ് നടത്തുന്ന മേപ്പയിൽ സ്വദേശി ജിമേഷ് ആണ് പണവും മൊബൈലും, വസ്ത്രങ്ങളും അടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചുനൽകിയത്. എടച്ചേരി കച്ചേരി സ്വദേശിയായ പ്രജിത്തിന്റെതായിരുന്നു ബാഗ്.
വടകര റെയിൽവേ സ്റ്റേഷനിൽനിന്ന് എടച്ചേരിയിലേക്ക് ഓട്ടം വിളിച്ചതാണ് പ്രജിത്ത്. വടകരയിലെ ഒരു ബേക്കറിക്ക് സമീപത്ത് എത്തിയപ്പോൾ ജിമേഷിനോട് പറയാതെ പ്രജിത്ത് ഓട്ടോയിൽനിന്ന് ഇറങ്ങി. കൈനാട്ടിയിൽ എത്തിയപ്പോഴാണ് വാഹനത്തിൽ പ്രജിത്ത് ഇല്ലാത്തത് ജിമേഷ് അറിയുന്നത്. പക്ഷേ സീറ്റിൽ പ്രജിത്തിന്റെ ബാഗുകൾ ഉണ്ടായിരുന്നു. ഇതുമായി ഉടൻ പോലീസ് സ്റ്റേഷനിലേക്ക് എത്തി. അവിടെ പ്രജിത്ത് പണവും ബാഗും, മൊബൈലുമെല്ലാം നഷ്ടപ്പെട്ട വിഷമത്തിൽ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. പോലീസുകാരുടെ സാന്നിധ്യത്തിൽ ബാഗിലെ സാധനങ്ങൾ പരിശോധിച്ചതിനുശേഷം ജിമേഷ് തന്നെ ബാഗ് പ്രജിത്തിന് കൈമാറി.





