India

കൊവിഡിനെ പിടിച്ചുകെട്ടി ഇന്ത്യ; 662 ദിവസത്തിനിടയിലെ ഏറ്റവും ആശ്വാസദിനം

Please complete the required fields.




ദില്ലി: പ്രതിദിന പുതിയ കൊവിഡ്-19 കേസുകളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിൽ 3,993 ആയി കുറഞ്ഞു. ഇതോടെ കൊവിഡിന് എതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 662 ദിവസങ്ങൾക്ക് ശേഷം ആണ് ഇത്രയും കുറഞ്ഞ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 2020 മെയ് 16-ന് ആണ് ഇത്രയും കുറഞ്ഞ കേസുകൾ ഇതിന് മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നത്. അന്ന് 3,970 കേസുകളാണ് ഒരു ദിനം സ്ഥിരീകരിച്ചത്.

ചികിത്സയിൽ ഉള്ളവരുടെ എണ്ണവും 664 ദിവസങ്ങൾക്ക് ശേഷം 50,000-ത്തിൽ താഴെയായി കുറഞ്ഞു. നിലവിൽ, 49,948 പേരാണ് ചികിത്സയിൽ ഉള്ളത്. 2021 മെയ് 14-ന് ആണ് ഇതിനു മുമ്പ് ഏറ്റവും കുറഞ്ഞ പേർ ചികിത്സയിൽ ഉണ്ടായിരുന്നത് – 49,219 കേസുകൾ. രാജ്യത്തെ പരിശോധന ശേഷിയും വർധിച്ചുവരുന്ന സാഹചര്യത്തിൽ, കഴിഞ്ഞ ആഴ്ച ശരാശരി 8.5 ലക്ഷം പരിശോധനകളാണ് നടത്തിയത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.68% ആണ്.

കേരളത്തിലും കൊവിഡ‍് രോഗബാധിതരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇന്നലെ കേരളത്തിൽ 1223 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂര്‍ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂര്‍ 57, പാലക്കാട് 53, മലപ്പുറം 44, ആലപ്പുഴ 39, വയനാട് 28, കാസര്‍ഗോഡ് 23 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. 23,641 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,799 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 71,566 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1233 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 181 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 12,868 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 4 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 20 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 59 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,263 ആയി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 101 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2424 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 328, കൊല്ലം 339, പത്തനംതിട്ട 144, ആലപ്പുഴ 132, കോട്ടയം 229, ഇടുക്കി 161, എറണാകുളം 302, തൃശൂര്‍ 286, പാലക്കാട് 24, മലപ്പുറം 83, കോഴിക്കോട് 183, വയനാട് 98, കണ്ണൂര്‍ 85, കാസര്‍ഗോഡ് 30 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 12,868 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,33,365 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Related Articles

Leave a Reply

Back to top button