
പാലക്കാട്: തെങ്കര കൈതച്ചിറയിൽ കാട്ടുപൂച്ചയുടെ ആക്രമണം. കോഴിഫാമിലെ 300 കോഴികൾ ചത്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം . കൈതച്ചിറ അപ്പക്കാട് ഇടശ്ശേരിൽ റെജി സ്കറിയയുടെ ഫാമിലെ കോഴികളെയാണ് കാട്ടുപൂച്ച കൊന്നത്. വീട്ടിൽ നിന്ന് നൂറ് മീറ്റർ മാറി രണ്ട് ഫാമുകളിലായി 3000 കോഴികളാണുള്ളത്.
രാവിലെ ഫാമിലെ ലൈറ്റ് അണച്ച് റെജിയുടെ ഭാര്യ ഷൈല വീട്ടിലേക്ക് വന്നതിന് ശേഷമാണ് സംഭവം ഉണ്ടായത് . അൽപ സമയം കഴിഞ്ഞ് ഷൈല വീണ്ടും ഫാമിൽ ചെന്നപ്പോൾ ഫാമിന്‍റെ പുറത്ത് കാട്ടുപൂച്ചയെ കണ്ടു. ഷൈലയെ കണ്ടതോടെ പൂച്ച ഓടി മറഞ്ഞു. ഫാമിനുള്ളിൽ കയറി നോക്കിയപ്പോഴാണ് മുന്നൂറിലേറെ കോഴികളെ കടിച്ചു കൊന്ന നിലയിൽ കണ്ടതെന്ന് ഷൈല പറഞ്ഞു.
കോഴികൾ രണ്ടര കിലോ തൂക്കം എത്തിയവയാണ്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വെറ്ററിനറി, വനം അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പത്തു വർഷമായി ഫാം തുടങ്ങിയിട്ടെന്നും ഇങ്ങനെയൊരു സംഭവം ആദ്യമാണെന്നുമാണ് ഫാം ഉടമ റെജി പറഞ്ഞത്.





