Kozhikode

കെട്ടിടനമ്പർ ക്രമക്കേട് വിവാദമായ കോർപ്പറേഷൻ ചെറുവണ്ണൂർ ഓഫീസിൽ തീപിടിത്തം

Please complete the required fields.




കോഴിക്കോട്: കെട്ടിടനമ്പർ ക്രമക്കേട് കണ്ടെത്തി വിവാദമായ കോർപ്പറേഷൻ ചെറുവണ്ണൂർ സോണൽ ഓഫീസിൽ തീപിടിത്തം. ഇന്നലെ രാവിലെ 10.30 ന് സോണൽ ഓഫീസിന്റെ പിറക് വശത്തുള്ള സർവർ മുറിയിലാണ് തീപിടുത്തമുണ്ടായത്. സർവർ ലൈനിലെ വയറുകൾ പൂർണമായും കത്തിനശിച്ചു. രാവിലെ ജോലിക്കെത്തിയ ജീവനക്കാർ നെറ്റ് വർക്ക് ലഭ്യമാകാത്തതിനെ തുടർന്ന് സർവർ മുറിയിൽ നോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. ഉടൻ മീഞ്ചന്ത അഗ്‌നിശമന സേനയെ അറിയിക്കുകയും ഫയർ യൂണിറ്റെത്തി തീ അണച്ചതിനാൽ ഫയലുകൾ സൂക്ഷിച്ചതടക്കമുള്ള ഓഫീസിനുള്ളിൽ തീ പടരാതെ തടയാൻ കഴിഞ്ഞതായും ജീവനക്കാർ പറഞ്ഞു.സർവർ മുറിയിൽ തീപിടിത്തമുണ്ടായതിലെ ദുരൂഹത അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

തീപിടിത്തത്തിൽ ദുരൂഹതയില്ലെന്നും കെ.എസ്.ഇ.ബി അധികൃതരെത്തി പരിശോധിച്ചതിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നും നല്ലളം പൊലീസ് വിശദമായി പരിശോധന നടത്തിയിട്ടുണ്ടെന്നും സൂപ്രണ്ട് ടി.പി സിന്ധു വ്യക്തമാക്കി. ഓഫീസിന്റെ പ്രവർത്തനവും അൽപസമയം തടസപ്പെട്ടതൊഴിച്ചാൽ വൈകുന്നേരം വരെ സാധാരണ പോലെ ഓഫീസ് പ്രവർത്തിച്ചുവെന്നും നികുതി അടയ്ക്കുന്നത് മാത്രമാണ് മുടങ്ങിയതെന്നും സൂപ്രണ്ട് പറഞ്ഞു. അതേസമയം കോർപ്പറേഷൻ കെട്ടിട നമ്പർ ക്രമക്കേടിൽ ക്രമവൽക്കരിച്ച കെട്ടിടങ്ങൾക്ക് ഡിജിറ്റൽ സിഗ്‌നേച്ചർ നൽകിയതിലൂടെ ക്രമക്കേടിൽ അന്വേഷണം നേരിടുന്ന ഓഫീസാണിതെന്നത് തീപിടിത്തത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.

ആറുമാസത്തിനിടെ ഏറ്റവും കൂടുതൽ കെട്ടിടങ്ങൾക്ക് അനധികൃത നമ്പർ നൽകിയ ഓഫീസാണിത്. ചെറുവണ്ണൂർ സോണൽ ഓഫീസിൽ മാത്രം 260 അനധികൃത നിർമാണങ്ങൾ ക്രമവൽക്കരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിജിലൻസിന്റെയും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുമ്പോഴാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്.

Related Articles

Leave a Reply

Back to top button