
കോഴിക്കോട് : സ്വർണക്കടത്ത് കേസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കുനേരേ രൂക്ഷവിമർശനമുയർത്തി പി.സി. ജോർജ്. എൻ.ഡി.എ. കോഴിക്കോട് ലോക്സഭാമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നരക്കോടി രൂപയാണ് വിദേശയാത്രകൾക്കായി മുഖ്യമന്ത്രി ചെലവഴിച്ചത്. സംസ്ഥാനം ശമ്പളം കൊടുക്കാൻപോലും നിവൃത്തിയില്ലാതെ കടക്കെണിയിലായിരിക്കുന്ന സമയത്താണിത്.
നാലരലക്ഷം കോടിരൂപയാണ് സംസ്ഥാനത്തിന്റെ കടബാധ്യത. 1.28 ലക്ഷം രൂപയാണ് ഓരോ കേരളീയന്റെയും ആളോഹരി കടം. ഇതിന്റെ പ്രധാന ഉത്തരവാദി മുൻമന്ത്രി തോമസ് ഐസക്കാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇക്കുറി കേരളത്തിൽ ബി.ജെ.പി. അക്കൗണ്ട് തുറക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ആരു ഭരിക്കണമെന്ന് ബി.ജെ.പി. തീരുമാനിക്കും. 2029-ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിക്കാരനായ മുഖ്യമന്ത്രി ഉണ്ടാവും. കോഴിക്കോട്ടെ സ്ഥാനാർഥികളായ രണ്ട് എം.പി.മാരും നാടിനുവേണ്ടി എന്തുചെയ്തുവെന്ന് വെളിപ്പെടുത്താൻ തയ്യാറാവണമെന്നും പി.സി. ജോർജ് പറഞ്ഞു. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം കെ. നാരായണൻ അധ്യക്ഷത വഹിച്ചു.
സ്ഥാനാർഥി എം.ടി. രമേശ്, ജില്ലാ അധ്യക്ഷൻ വി.കെ. സജീവൻ, ഡോ. ജെ. പ്രമീളാദേവി, നവ്യാ ഹരിദാസ്, ടി.പി. ജയചന്ദ്രൻ, കെ.പി. ശ്രീശൻ, ടി.വി. ഉണ്ണിക്കൃഷ്ണൻ, കെ.വി. സുധീർ, ബിന്ദു ചാലിൽ, ഹരിദാസ് പൊക്കിണാരി, പി. രഘുനാഥ് , എൻ.പി. രാധാകൃഷ്ണൻ, ഗിരി പാമ്പനാർ, രമ്യാ മുരളി, ബി.കെ. പ്രേമൻ, എം.എൻ. ഗിരി, ഉണ്ണി കരിപ്പാലി, സന്തോഷ് കാളിയത്ത്, അരുൺകുമാർ കാളക്കണ്ടി തുടങ്ങിയവർ സംസാരിച്ചു. യോഗസ്ഥലമായ മുതലക്കുളത്തേക്ക് പ്രചാരണ ഘോഷയാത്രയുമുണ്ടായിരുന്നു.





