Tech

‘ക്യാഷ്‌ലെസ് ഇന്ത്യ’യിൽ ഇനി ഇ-റുപ്പിയും; പ്രധാനമന്ത്രി പുറത്തിറക്കുന്ന ഡിജിറ്റൽ പണത്തെക്കുറിച്ചറിയാം

Please complete the required fields.




രാജ്യത്തെ പുതിയ പണമിടപാട് രീതിയായ ഇ-റുപ്പി (e-RUPI) ഓഗസ്റ്റ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നിങ്ങള്‍ക്കോ, പരിചയത്തിലുള്ള ആര്‍ക്കെങ്കിലുമോ ഇ-റുപ്പിയായി പണം വന്നാല്‍ എന്തു ചെയ്യണമെന്നറിയാം. ഇന്ത്യയുടെ പുതിയ ഡിജിറ്റല്‍ പണം കൈമാറ്റ രീതിയാണ് ഇ-റുപ്പി. ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിക്കാന്‍ ക്രെഡിറ്റ് കാര്‍ഡോ, മൊബൈല്‍ ആപ്പോ ഒന്നും വേണ്ട. അതേസമയം, ഇതൊരു ക്യാഷ്‌ലെസ്, കോണ്ടാക്ട്‌ലെസ് ഡിജിറ്റല്‍ പണമിടപാട് രീതിയുമാണ്. ഇതിന്റെ ഗുണഭോക്താക്കള്‍ക്ക് ഒരു ക്യൂആര്‍കോഡ്, അല്ലെങ്കില്‍ ഇ-വൗച്ചര്‍ കേന്ദ്രീകൃതമായ ഒരു പറ്റം എസ്എംഎസുകളായിരിക്കും ലഭിക്കുക. ഇങ്ങനെ ലഭിക്കുന്ന പണം മാറ്റിയെടുക്കാന്‍ ഇന്റര്‍നെറ്റ് ബാങ്കിങും വേണ്ട.

ഇന്ത്യയുടെ ദേശീയ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ യുപിഐ പ്ലാറ്റ്‌ഫോം വഴി വികസിപ്പിച്ചെടുത്തതാണ് പുതിയ സംവിധാനം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, മിനിസ്ട്രി ഓഫ് ഹെല്‍ത് ആന്‍ഡ് ഫാമിലി വെല്‍ഫയര്‍, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയും ഇതില്‍ പങ്കാളികളാണ്. ഇ-റുപ്പി ഒരു പ്രത്യേക വ്യക്തിയുടെ പേരില്‍ മാത്രമായിരിക്കും എത്തുക. ഒരു പ്രത്യേക ഉദ്ദേശത്തിനു മാത്രമായിരിക്കും ഇത് അയയ്ക്കുകയും ചെയ്യുക. ഇത്തരം ഇ-വൗച്ചര്‍ സർക്കാരിനും കോര്‍പറേറ്റുകള്‍ക്കും തങ്ങളുടെ ബാങ്കിങ് പങ്കാളികള്‍ വഴി അയയ്ക്കാന്‍ സാധിക്കും. ഇതൊരു ഒറ്റത്തവണ പണം കൈമാറ്റ രീതിയാണ്. ഇത് ലഭിക്കുന്ന ആള്‍ക്ക് അത് പണമാക്കാം എന്നല്ലാതെ മറ്റൊരു വ്യക്തിക്ക് കൈമാറാന്‍ അവകാശമുണ്ടായിരിക്കില്ല. ഇത്തരം വൗച്ചര്‍ ഇറക്കാന്‍ മൂന്നു വിഭാഗത്തിലുള്ള ഓഫിസുകള്‍ക്കു മാത്രമാണ് ആര്‍ബിഐ അംഗീകാരം നല്‍കിയിരിക്കുന്നത് -ബാങ്കുകള്‍, പെയ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍, പ്രീപെയ്ഡ് ഇന്‍സ്ട്രമെന്റ്‌സ് ലൈസന്‍സ് ഉള്ളവര്‍. 

ഇങ്ങനെ കൈമാറ്റം ചെയ്യാവുന്ന പരമാവധി തുക 10,000 രൂപയായിരിക്കും. ഇത് ഒറ്റത്തവണ മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക. കൈമാറ്റം സാധ്യവുമല്ല. ഈ വ്യവസ്ഥകള്‍ അംഗീകരിച്ചു ഒരു സർക്കാർ ഏജന്‍സിക്ക് അല്ലെങ്കില്‍ കോര്‍പറേറ്റിന് ഇ-റുപ്പി കൈമാറ്റം ചെയ്യാൻ ബാങ്കിനെ സമീപക്കാം. ഇ-റുപ്പി ലഭിക്കുന്ന ആള്‍ക്ക് ഇത് പണമാക്കി മാറ്റുന്ന സമയത്ത് ഒരു ഒടിപി ലഭിക്കും. കൈയ്യില്‍ ലഭിച്ചിരിക്കുന്ന വൗച്ചര്‍ അല്ലെങ്കില്‍ ക്യൂആര്‍ കോഡ് ആയിരിക്കും മറ്റൊരു രേഖ. ഇ-റുപ്പി സ്വീകരിക്കുന്ന ആളുടെ കൈയ്യില്‍ ഒരു ആപ് ആയിരിക്കും ഉണ്ടായിരിക്കുക. ആപ് വഴി ഇ-വൗച്ചറും ഒടിപിയും സ്‌കാന്‍ ചെയ്യാം. 

ഇ-റുപ്പിയുമായി സഹകരിക്കാന്‍ പല ബാങ്കുകളും മുന്നോട്ടു വന്നു കഴിഞ്ഞു. എച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് , അക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങി പല ബാങ്കുകളും ഇതുമായി സഹകരിക്കും. പിനെ ലാബ്‌സ് (Pine Labs), ഭാരത്‌പേ എന്നിവയും സഹകരിക്കും.

അപ്പോള്‍ എന്താണ് ഇതിന്റെ പ്രത്യേകത? കൂടുതല്‍ വിവരങ്ങള്‍ ഉടനെ പുറത്തുവരുമെന്നാണ് കരുതുന്നത്. എന്തായാലും ചില സർക്കർ സബ്‌സിഡികള്‍ അടക്കമുള്ള കാര്യങ്ങള്‍ ഇങ്ങനെ ബെയ്‌സിക് ഫോണെങ്കിലും കൈവശമുള്ളവര്‍ക്ക് നേരിട്ട് അയയ്ക്കുക എന്നതാണ് ഒരു ഉദ്ദേശം. ഇങ്ങനെ ലഭിക്കുന്ന വൗച്ചറുകളും ക്യൂആര്‍ കോഡും കോണ്ടാക്ട്‌ലെസായി മാറിയെടുക്കുകയും ചെയ്യാം. സ്വന്തം ക്രിപ്‌റ്റോകറന്‍സി അടക്കം തുടങ്ങാന്‍ പദ്ധതിയിടുന്ന രാജ്യത്തിന്റെ മറ്റൊരു ക്യാഷ്‌ലെസ് ഇടാപാടായിരിക്കും ഇത്.

Related Articles

Leave a Reply

Back to top button