
കോഴിക്കോട് : പാചകവാതകപ്രതിസന്ധി രൂക്ഷമായതോടെ നഗരത്തിലെ പല മെസുകളും കാന്റീനുകളും അടച്ചു. അതോടെ പഠനത്തിനും മറ്റ് ആവശ്യത്തിനുമായി ഇവിടെ താമസിക്കുന്നവർ ബുദ്ധിമുട്ടിലായി. കഴിഞ്ഞദിവസംമുതൽ വെസ്റ്റ്ഹിൽ ഗവ. എൻജിനീയറിങ് കോളേജിൽ ക്ലാസുകൾ ഓൺലൈനായി. അതിനാൽ, ഇന്റേണൽ എക്സാം മാറ്റി. നിലവിൽ മൂന്നുദിവസം ഓൺലൈൻ ക്ലാസ് എന്നാണ് പറഞ്ഞതെങ്കിലും എത്രദിവസം തുടരുമെന്ന് വ്യക്തമല്ല.
പാചകവാതകവിതരണത്തിൽ മുൻഗണന നൽകുന്നത് ആശുപത്രി കാന്റീനുകൾക്കാണ്. പിന്നെ വിദ്യാഭ്യാസസ്ഥാപനങ്ങൾ, ജനകീയ ഹോട്ടലുകൾ എന്നിവ പരിഗണിക്കുന്നുണ്ട്. നേരത്തേ എടുത്തിരുന്ന ഗ്യാസിന്റെ 10 ശതമാനംമാത്രമാണ് തങ്ങൾക്ക് കിട്ടുന്നതെന്ന് ഹോട്ടൽ നടത്തുന്നവർ പറഞ്ഞു.
20-25 ശതമാനം എങ്കിലും ഗ്യാസ് നൽകണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. സിവിൽ സപ്ലൈസ് അധികൃതരുടെ ശ്രദ്ധയിലുംപെടുത്തി. നോമ്പുകാലമായതിനാൽ ഇപ്പോൾ ഹോട്ടലുകൾ പലതും പ്രവർത്തിക്കുന്നില്ല. പക്ഷേ, അടുത്തയാഴ്ചയോടെ സ്ഥിതി മാറും. കൂടുതൽ ഹോട്ടലുകൾ തുറന്നാൽ എന്തുചെയ്യുമെന്നറിയില്ലെന്ന് അസോസിയേഷൻ സംസ്ഥാനസെക്രട്ടറി രൂപേഷ് കോളിയോട്ട് പറഞ്ഞു. മെനു കുറച്ചുകൊണ്ട് മുന്നോട്ടുപോവുകയാണ്. കാറ്ററിങ് മേഖലയിലും പ്രതിസന്ധി കൂടിയിട്ടുണ്ട്.
പലയിടത്തും വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് മെസുകളിൽനിന്ന് ഭക്ഷണം കൊണ്ടുപോകാറുണ്ട്. അത്തരത്തിലുള്ള സ്ഥാപനങ്ങൾ അടഞ്ഞതോടെ വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രതിസന്ധിയിലായി.





