Thiruvananthapuram

സിൽവർ ലൈൻ കേസുകൾ പിൻവലിക്കില്ല; രജിസ്റ്റർ ചെയ്ത കേസുകളിൽ കുറ്റപത്രം നൽകും

Please complete the required fields.




തിരുവനന്തപുരം: സിൽവർ ലൈൻ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചേക്കില്ലന്ന് സൂചന. കേസുകളുമായി മുന്നോട്ട് പോകുമെന്നാണ് പൊലീസിന്റെ നിലപാട്. രജിസ്റ്റർ ചെയ്ത കേസുകളിൽ കുറ്റപത്രം നൽകും. സര്‍ക്കാരിന്റെ നിലപാടറിയാതെ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം ആലോചിക്കാന്‍ സാധ്യമല്ലെന്ന നിലപാടിലാണ് പൊലീസ്. തുടര്‍ നടപടികൾ പിന്നീടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

കെ റെയിൽ സർവ്വെയുടെ ഭാഗമായി സ്ഥാപിച്ച സർവ്വെ കല്ല് പൊതുമുതൽ തന്നെയാണെന്നാണ് പൊലീസിന് നേരത്തെ ലഭിച്ചിട്ടുള്ള നിയമോപദേശം. എടക്കാട് സിഐക്കാണ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയത്. നിയമോപദേശം കിട്ടിയ സാഹചര്യത്തിൽ ഡിസിസി പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാൻ പൊലീസിനാവും. കണ്ണൂർ ചാലയിൽ കെ റെയിൽ കല്ലുകൾ തകർത്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ നേരത്തെ പൊതുമുതൽ നശിപ്പിച്ചതിന് പൊലീസ് കേസെടുത്തിരുന്നു.

അതേസമയം, സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടൽ അവസാനിപ്പിച്ചെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ച് പറയുകയാണ് സര്‍ക്കാര്‍. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് സര്‍വേ തുടരാനാണ് തീരുമാനം. തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിനിടെ കല്ലിടലിൽ നിന്ന് സര്‍ക്കാര്‍ പിൻമാറിയത് രാഷ്ട്രീയ വിജയമാക്കാൻ പ്രതിപക്ഷം തയ്യാറെടുക്കുമ്പോൾ ഒട്ടും അയഞ്ഞിട്ടില്ലെന്ന സൂചന തന്നെയാണ് സർക്കാർ നൽകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി എം വി ഗോവിന്ദനും സർക്കാർ നിലപാട് ആവർത്തിച്ച് ഇന്നും രംഗത്തെത്തി.  

Related Articles

Leave a Reply

Back to top button