
താമരശ്ശേരി: ഉരുൾപൊട്ടലിനെ തുടർന്നു കരിഞ്ചോലയിലെ ദുരന്ത മുഖത്തുനിന്നു മാറ്റിപ്പാർപ്പിച്ചവരും സർക്കാർ സഹായം ലഭിക്കാത്തവരുമായ 38 കുടുംബങ്ങളുടെ പുനരധിവാസത്തിനായി രൂപീകരിച്ച കരിഞ്ചോല പുനരധിവാസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന 20 വീടുകളുടെ താക്കോൽ സമർപ്പണം ഇന്ന്. വൈകിട്ടു 4ന് ഇരൂൾകുന്ന് ജെകെ കോളനിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് താക്കോൽ സമർപ്പണം നിർവഹിക്കും.
എം.കെ. മുനീർ എംഎൽഎ ആധ്യക്ഷ്യം വഹിക്കും. ഗുണഭോക്താക്കൾക്ക് ഭൂമിയുടെ രേഖകളും ചടങ്ങിൽ കൈമാറും. മുൻ എംഎൽഎ കാരാട്ട് റസാഖ് ചെയർമാനും തഹസിൽദാർ സി.മുഹമ്മദ് റഫിഖ് ജനറൽ കൺവീനറുമായി രൂപീകരിച്ച കരിഞ്ചോല പുനരധിവാസ കമ്മിറ്റി കട്ടിപ്പാറ പഞ്ചായത്തിലെ ഇരൂൾകുന്നിൽ വിലയ്ക്കു വാങ്ങിയ 1.8 ഏക്കറിലാണു വീടുകൾ നിർമിച്ചത്. ഒൻട്രപ്രനർ ഓർഗനൈസേഷൻ കേരളയും ജെകെ സിമന്റ്സും സംയുക്തമായാണു 10 ലക്ഷം വീതം ചെലവഴിച്ച് 20 വീടുകൾ നിർമിച്ചതെന്ന് കാരാട്ട് റസാഖ് പറഞ്ഞു. പൊതുവഴി, വൈദ്യുതി, കുടിവെള്ളം, ഗ്രൗണ്ട് തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്.
വീട് നിർമാണ കാലയളവിൽ ഒന്നര വർഷത്തോളം വീട്ടു വാടകയും കമ്മിറ്റി നൽകിയിരുന്നു. വിവിധ മത,സന്നദ്ധ സംഘടനകൾ കമ്മിറ്റിക്കു നിർമിച്ചു നൽകിയ 18 വീടുകൾ നേരത്തെ ഗുണഭോക്താക്കൾക്കു കൈമാറിയിരുന്നു. കേരള മുസ്‌ലിം ജമാഅത്ത് നിർമിച്ച 10 വീട്, പീപ്പിൾസ് ഫൗണ്ടേഷൻ കനിവ് ഗ്രാമത്തിൽ നിർമിച്ച 5 വീട്, നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) നിർമിച്ച 2 വീട്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നിർമിച്ച ഒരു വീട് എന്നിവയാണു നേരത്തെ നൽകിയത്. 2018ൽ നടന്ന കരിഞ്ചോല ഉരുൾ പൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുെട അവകാശികൾക്ക് 4 ലക്ഷം രൂപ വീതവും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ വീതവും സർക്കാർ നൽകിയിരുന്നു.





