Kozhikode

വനിതാ പഞ്ചായത്തംഗത്തെ മർദിച്ചതായി പരാതി

Please complete the required fields.




കോഴിക്കോട് :തൊട്ടിൽപ്പാലം റോഡിനോടുചേർന്ന് ഓവുചാൽ നിർമിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഇടപെട്ട വനിതാ പഞ്ചായത്തംഗത്തെ സ്ഥലമുടമ മർദിച്ചതായി പരാതി. കാവിലുമ്പാറ പഞ്ചായത്ത് രണ്ടാംവാർഡംഗം കെ.വി. തങ്കമണിക്കാണ് മർദനമേറ്റത്. പ്രശ്നത്തിൽ ഇടപെട്ട് സംസാരിക്കുന്നതിനിടയിൽ പ്രകോപനമില്ലാതെ സ്ഥലമുടമ അശോകൻ കൈത്തണ്ടയിൽ പിടിച്ചുതിരിച്ച് തള്ളി വീഴ്ത്തുകയായിരുന്നെന്ന് കുറ്റ്യാടി ഗവ. താലൂക്ക്‌ ആശുപത്രിയിൽ ചികിത്സയിലുള്ള തങ്കമണി പറഞ്ഞു.

മലയോരഹൈവേയുടെ ലിങ്ക് റോഡായ മുടിക്കൽപാലം-തൊട്ടിൽപ്പാലം റോഡിൽ തൊട്ടിൽപ്പാലം ഭാഗത്തെ ഓവുചാൽനിർമാണമാണ് തടസ്സപ്പെട്ടിരുന്നത്. നിലവിലുള്ള പൊതുമരാമത്ത്‌ റോഡിൽ ഓവുചാൽ നിർമിക്കാനായി കരാർക്കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റിയുടെ തൊഴിലാളികൾ എത്തിയപ്പോഴാണ് പ്രശ്നത്തിന്റെ തുടക്കം. റോഡ് നവീകരണം അന്തിമഘട്ടത്തിലാണ്. നേരത്തേ നിശ്ചയിച്ച അലൈൻമെന്റിൽ മാറ്റംവന്നതോടെയാണ് ഇത് ലിങ്ക് റോഡായത്. 10 മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുന്നത്.
റോഡിനായി വിട്ടുനൽകേണ്ട സ്ഥലത്തിന് നഷ്ടപരിഹാരംവേണെമെന്ന ആവശ്യവുമായി ഒരുകൂട്ടം സ്ഥലമുടമകൾ ഭൂമിനൽകിയിരുന്നില്ല.
അനുരഞ്ജനച്ചർച്ചകൾക്കൊടുവിൽ ഏറെപ്പേരും സ്ഥലംനൽകിയെങ്കിലും കാവിലുമ്പാറ പഞ്ചായത്ത് പരിധിയിലെ നാല് സ്ഥലമുടകമകൾ എതിർപ്പുതുടർന്നു. സ്ഥലം വിട്ടുനൽകാത്തവരുടെ കൂട്ടത്തിൽ അശോകനുമുണ്ട്. ഓവുചാൽ നിർമാണം അശോകൻ തടസ്സപ്പെടുത്തിയെന്നാണ് പറയുന്നത്.

പണി തടസ്സപ്പെടുത്തിയവിവരം തൊഴിലാളികൾ പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചറിയിച്ചു. തുടർന്ന് തങ്കമണിയടക്കമുള്ള ഏതാനും അംഗങ്ങൾ സ്ഥലത്തെത്തി. തർക്കം തുടരുന്നതിനിടയിൽ വനിതാമെമ്പറെ അശോകൻ മർദിച്ചെന്നാണ് പറയുന്നത്. സ്ഥലത്ത് ഇതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. പഞ്ചായത്തംഗത്തെ മർദിച്ചതിൽ പ്രതിഷേധിച്ച് സിപിഎം, മഹിളാ അസോസിയേഷൻ പ്രവർത്തകർ ടൗണിൽനിന്ന്‌ അശോകന്റെ വീടുവരെ പ്രകടനംനടത്തി.

Related Articles

Back to top button