Thiruvananthapuram

മൂന്ന് കിടിലൻ കിറ്റുകളുമായി സപ്ലൈകോ

Please complete the required fields.




തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താനും വിപണിയിൽ ശക്തമായ ഇടപെടൽ നടത്താനും ലക്ഷ്യമിട്ട് മൂന്ന് പ്രത്യേക കിറ്റുകൾ പുറത്തിറക്കാൻ സപ്ലൈകോ തീരുമാനിച്ചു. തിരുവനന്തപുരത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ പദ്ധതിപ്രകാരം അത്തം കിറ്റ്, ഉത്രാടം കിറ്റ്, തിരുവോണം കിറ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് കിറ്റുകൾ ലഭ്യമാക്കുന്നത്.

അരി, പഞ്ചസാര, വെളിച്ചെണ്ണ, പായസം മിക്സ് തുടങ്ങി നിരവധി ആവശ്യസാധനങ്ങൾ അടങ്ങിയതാണ് ഈ കിറ്റുകൾ. ഇതിൽ 1280 രൂപയുടെ സാധനങ്ങൾ അടങ്ങിയ അത്തം കിറ്റ് 1000 രൂപയ്ക്കും, 1880 രൂപയുടെ ഉത്രാടം കിറ്റ് 1500 രൂപയ്ക്കും ഉപഭോക്താക്കൾക്ക് ലഭിക്കും.

കൂടാതെ, 2540 രൂപ വിലവരുന്ന തിരുവോണം കിറ്റ് 2000 രൂപ നിരക്കിലാണ് നൽകുന്നത്. ഓണത്തോടനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സപ്ലൈകോ ഈ ആശ്വാസ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുൻ വർഷങ്ങളെപ്പോലെത്തന്നെ ഇത്തവണയും ഓണച്ചന്തകൾ ഉൾപ്പെടെയുള്ള വിപണി ഇടപെടലുകൾ സപ്ലൈകോയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങളുടെ വില വർധിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു. എല്ലാ ഇനം അരിയ്ക്കും കിലോഗ്രാമിന് അഞ്ച് മുതൽ 10 രൂപ വരെ വർധിച്ചിട്ടുണ്ട്. അരിവില വർധിക്കുന്നതിന് അനുസരിച്ച് ഹോട്ടൽ ഭക്ഷണ സാധനങ്ങൾ, പലഹാരങ്ങൾ, മറ്റ് അനുബന്ധ സാധനങ്ങൾ എന്നിവയുടെ വിലയും ഉയരും.

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അരിയുടെ വരവിലുണ്ടായ കുറവും, ചരക്കുകൂലിയും ലോറി വാടകയും കുത്തനെ ഉയർന്നതുമാണ് അരിവില വർധിക്കാനുള്ള പ്രധാന കാരണങ്ങൾ (ട്രക്കിന് നൽകേണ്ട വാടകയിൽ 10,000 മുതൽ 20,000 രൂപയുടെ വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്). കൂടാതെ, അരി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ മഴക്കുറവും ജലസംഭരണികളിലെ ജലനിരപ്പ് താഴ്ന്നതും നെൽകൃഷിയെ പ്രതികൂലമായി ബാധിച്ചു.

നിലവിൽ നെല്ലിന്റെ സ്റ്റോക്ക് കുറവായതിനാൽ അടുത്ത വർഷത്തേക്ക് കർഷകർ നെല്ല് സൂക്ഷിച്ചുവെക്കുന്നതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ഇതിനുപുറമേ, ഓണച്ചന്തയിലേക്ക് സർക്കാർ വലിയ തോതിൽ അരി സംഭരിക്കുന്നതും വിപണിയിലെ ലഭ്യതയെ ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.

ഈ വിലക്കയറ്റത്തെ തുടർന്ന് പ്രധാന അരികളുടെ പുതിയ വിലനിലവാരം ഇങ്ങനെയാണ്.
പൊന്നി അരി 48-50 രൂപയിൽ നിന്ന് 56-70 രൂപയായി ഉയർന്നു; കോല അരി 61 രൂപയിൽ നിന്ന് 71 രൂപയായി കുതിച്ചുയർന്നു. തമിഴ്നാട് കുറുവ്വ 35 രൂപയിൽ നിന്ന് 40 രൂപയായി; ആന്ധ്ര കുറുവ്വ 40 രൂപയിൽ നിന്ന് 42 രൂപയായി; ജയ അരി നാല് രൂപ വർധിച്ച് 46 രൂപയിലെത്തി; ബംഗാൾ സ്വർണ 35.50 രൂപയിൽ നിന്ന് 37 രൂപയായി വർധിക്കുകയും ചെയ്തു.

Related Articles

Back to top button