
പരപ്പനങ്ങാടി: വിൽപനക്ക് സൂക്ഷിച്ച 20 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി 53കാരൻ പിടിയിൽ. പരപ്പനങ്ങാടി സ്റ്റേഡിയം റോഡിനടുത്ത് കെ.പി. അബ്ദുൽ ഖാദറാണ് (53) അറസ്റ്റിലായത്. ചെറിയ വിലയ്ക്ക് പലരെക്കൊണ്ട് മദ്യം വാങ്ങിപ്പിച്ച് കൂടുതൽ തുകക്ക് വിൽക്കാൻ കൊണ്ടുപോകവെയാണ് പിടിയിലായതെന്ന് പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ കെ.ജെ. ജിനേഷ് പറഞ്ഞു.
സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിൽ നടന്ന മദ്യവേട്ടക്ക് എസ്.ഐ ആർ.യു. അരുൺ, സി.പി.ഒമാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത്, ശ്രീനാഥ് സച്ചിൻ എന്നിവർ നേതൃത്വം നൽകി. ഈയാഴ്ച അനധികൃത മദ്യ വിൽപന നടത്തിയ രണ്ടുപേരെ പരപ്പനങ്ങാടി പൊലീസ് പിടികൂടിയിരുന്നു. ഈ വർഷം ഇതുവരെ അമ്പതിലധികം മദ്യവിൽപന കേസുകൾ പിടികൂടിയിട്ടുണ്ട്. തിരൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.





