Kozhikode

മിഠായിത്തെരുവ് തീപിടിത്തം: പൊലീസ് റിപ്പോർട്ട് തയാറാക്കുന്നു; തീപിടിച്ച കെട്ടിടത്തിൽ അനധികൃത നിർമാണവും ചട്ടലംഘനവും

Please complete the required fields.




കോഴിക്കോട് : മിഠായിത്തെരുവിൽ പല തവണ അഗ്നിബാധ ഉണ്ടായ സാഹചര്യത്തിൽ പൊലീസ് സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ചു റിപ്പോർട്ട് തയാറാക്കുന്നു. സിറ്റി പൊലീസ് കമ്മിഷണർ എ.വി.ജോർജിന്റെ നിർദേശപ്രകാരം സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷിന്റെ നേതൃത്വത്തിലാണു പരിശോധന. വൈക്കം മുഹമ്മദ് ബഷീർ റോഡ് ഭാഗം മുതൽ മേലേപാളയം വരെ മിഠായിത്തെരുവ്, അനുബന്ധ കച്ചവടകേന്ദ്രങ്ങളായ എംപി റോഡ്, കോർട്ട് റോഡ്, കോയൻകോ ബസാർ, ഗ്രാൻഡ് ബസാർ, ഒയാസിസ് കോംപൗണ്ട്, താജ് റോഡ് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുന്ന ഭാഗത്താണു പരിശോധന. ഈ പ്രദേശം 8 ഭാഗങ്ങളായി തിരിച്ചാണു പ്രത്യേക പൊലീസ് സംഘം പരിശോധന നടത്തുന്നത്.

ഇന്നലെ പരിശോധന ആരംഭിച്ചു. ഒരാഴ്ചകൊണ്ടു പൂർത്തിയാക്കി റിപ്പോർട്ട് തയാറാക്കി സിറ്റി പൊലീസ് കമ്മിഷണർക്കു നൽകും. തുടർന്നു ഫയർഫോഴ്സ്, കോർപറേഷൻ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകൾക്കു സുരക്ഷാ നടപടികളിലെ വീഴ്ച സംബന്ധിച്ചു റിപ്പോർട്ട് നൽകും. വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരുടെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ മുൻനിർത്തിയാണു പരിശോധന. ഇന്നലത്തെ പരിശോധനയിൽ തന്നെ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.

പല സ്ഥാപനങ്ങളും പാർക്കിങ്, വഴി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചരക്ക് ഇറക്കി വച്ചിട്ടുണ്ട്. ഒരു ദുരന്തം ഉണ്ടായാൽ ആളുകൾക്കു ഓടി രക്ഷപ്പെടാൻ പോലും പറ്റാത്ത സ്ഥിതിയാണ്. ഫയർ സർവീസുകാർക്കും രക്ഷാപ്രവർത്തകർക്കും എത്താൻ പറ്റാത്ത സ്ഥിതിയും ഉണ്ട്. ഈ ഭാഗത്തെ കച്ചവട സ്ഥാപനങ്ങളിൽ അഗ്നിശമന സംവിധാനം ഉണ്ടാകണമെന്നു നേരത്തെ അധികൃതർ നിർദേശം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പല സ്ഥാപനങ്ങളിലും ഇല്ല.

തീപിടിച്ച കെട്ടിടത്തിൽ അനധികൃത നിർമാണവും ചട്ടലംഘനവും 

കോഴിക്കോട്:∙ കഴിഞ്ഞ 10 നു അഗ്നിബാധ ഉണ്ടായ എംപി റോഡിലെ വികെഎം ബിൽഡിങ്ങിൽ കോർപറേഷൻ അധികൃതർ നടത്തിയ പരിശോധനയിൽ അനധികൃത നിർമാണവും ചട്ടലംഘനവും കണ്ടെത്തി. കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി, എക്സിക്യൂട്ടീവ് എൻജിനീയർ കെ.പി.രമേഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ അനി ഐസക്, സി.അശ്വതി, ഓവർസീയർ കെ.സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.

തുറന്ന സ്ഥലം അടച്ചുകെട്ടി സാധനങ്ങൾ ശേഖരിച്ച് സഞ്ചാര മാർഗം തടസ്സപ്പെടുത്തിയ സ്ഥിതിയുണ്ട്. അപകടം ഉണ്ടായാൽ ആളുകൾക്കു പുറത്തേക്കു പോകാനോ സുരക്ഷാ പ്രവർത്തകർക്ക് അകത്തേക്കു പ്രവേശിക്കാനോ കഴിയില്ല. അനധികൃത നിർമാണങ്ങൾ പൊളിച്ചു മാറ്റാനും തുറന്ന നിലനിർത്തി സുഗമമായ സഞ്ചാരം ഉറപ്പാക്കാനും കെട്ടിട ഉടമകൾക്കു നോട്ടിസ് നൽകിയതായി സെക്രട്ടറി പറഞ്ഞു.

ന്യൂ ബസാർ, ബിഗ് ബസാർ, ഒയാസിസ് കോംപൗണ്ട് എന്നിവിടങ്ങളിലെ പഴയ കെട്ടിടങ്ങളിലെ ഇലക്ട്രിക് സംവിധാനം പരിശോധിക്കാനും സുരക്ഷാ മാർഗങ്ങൾ നടപ്പാക്കാനും ആവശ്യമായ നടപടി സ്വീകരിക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനു കത്ത് നൽകുമെന്നു സെക്രട്ടറി പറഞ്ഞു. ഇത്തരം കെട്ടിടങ്ങളിലെ കച്ചവടക്കാരുടെ പ്രതിനിധികളുടെയും കെട്ടിട ഉടമകളുടെയും യോഗം മേയറുടെ സാന്നിധ്യത്തിൽ ചേരും. മിഠായിത്തെരുവിലെ അനധികൃത നിർമാണങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ കോർപറേഷൻ റവന്യു, എൻജിനീയറിങ്, ഹെൽത്ത് വിഭാഗങ്ങളെ ചുമതലപ്പെടുത്തിയെന്നും സെക്രട്ടറി പറഞ്ഞു.

Related Articles

Leave a Reply

Back to top button