Kerala

വി ഡി സതീശന്റെ ‘പുതുയുഗ യാത്ര’ പര്യടനം തുടരുന്നു; ഇന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ

Please complete the required fields.




നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പര്യടനം തുടരുന്നു. കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി ആറിടങ്ങളിലാണ് ഇന്നത്തെ പര്യടനം നടക്കുന്നത്. മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൾക്കാരുമായി രാവിലെ വി ഡി സതീശൻ കൂടിക്കാഴ്ച്ച നടത്തും. സിപിഐഎം ഫണ്ട്‌ തട്ടിപ്പ് ചർച്ചയാവുന്ന പയ്യന്നൂരിൽ ഇന്ന് യാത്ര എത്തും. ജമാഅത്തെ ഇസ്ലാമി ബന്ധത്തെ കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ പ്രതികരണം യാത്രയിൽ തുടർ ചർച്ചയാകാനാണ് സാധ്യത.

ശബരിമല സ്വർണക്കൊള്ള ഉൾപ്പടെയുള്ള വിഷയങ്ങൾ ജാഥയിലുടനീളം തിരഞ്ഞെടുപ്പ് വിഷയമായി ഉയർത്തി കാട്ടും. ഒരു മാസത്തെ പര്യടനത്തിന് ശേഷം മാർച്ച്‌ ആറിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് യാത്ര സമാപിക്കും. ഇത് വെറുമൊരു പ്രതിപക്ഷമല്ല, ടീം യു ഡി എഫ് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്നുമാണ് വി ഡി സതീശന്റെ പ്രഖ്യാപനം. രാഷ്ട്രീയ ജാഥകളില്‍ നിന്നും വ്യത്യസ്തമായി ഭാവി കേരളം എങ്ങനെയായിരിക്കണമെന്നതാണ് പുതുയുഗ യാത്ര ചര്‍ച്ച ചെയ്യുക. സര്‍ക്കാര്‍ പരാജയപ്പെട്ട മേഖലകളിലൊക്കെ യു ഡി എഫിന് ബദല്‍ പദ്ധതികളുണ്ട്. പൗരപ്രമുഖരുമായല്ല, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരുമായാണ് കൂടിക്കാഴ്ച നടത്തുകയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ രാഷ്ട്രീയത്തിലും ഭരണരംഗത്തും പുതിയ യുഗപിറവിക്ക് പുതുയുഗ യാത്ര തുടക്കം കുറിക്കുമെന്നും അദ്ദേഹം വിവരിച്ചു.

Related Articles

Back to top button