പാറക്കല്ല് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം: പഠനറിപ്പോർട്ട് ചീഫ് എൻജിനിയർക്ക് സമർപ്പിച്ചു

താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ വനപ്രദേശത്തെ മലമുകളിൽനിന്നും താഴ്ചയിലേക്ക് ഉരുണ്ടുവീണ വലിയ പാറക്കല്ല് ഓടിക്കൊണ്ടിരുന്ന ബൈക്കിൽ പതിച്ച് യുവാവ് മരിച്ചസംഭവത്തിൽ പൊതുമരാമത്തുവകുപ്പ് കോഴിക്കോട് ഡിവിഷൻ അധികൃതർ ചീഫ് എൻജിനിയർക്ക് വിശദമായ പഠന റിപ്പോർട്ട് സമർപ്പിച്ചു.
പി.ഡബ്ല്യു.ഡി. (എൻ.എച്ച്.) കോഴിക്കോട് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ പി.കെ. ജമാൽ മുഹമ്മദാണ് സൂപ്രണ്ടിങ് എൻജിനിയർ മുഖേന പി.ഡബ്ല്യു.ഡി. എൻ.എച്ച്. ഡിവിഷൻ ചീഫ് എൻജിനിയർ എം. അശോക് കുമാറിന് റിപ്പോർട്ടയച്ചത്. സമാനമായ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടി വേണമെന്നും ദേശീയപാതയോരത്തെ വനമേഖലയിലെ അപകടഭീഷണിയുള്ള പാറക്കല്ലുകളും മറ്റും പരിശോധിച്ച് നീക്കംചെയ്യാൻ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് സഹകരണമുണ്ടാവണമെന്നും നിർദേശിക്കുന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്.
ദേശീയപാതയോരങ്ങളിലെ അപകടകരമായ സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്നും അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ മുൻകൂട്ടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. 16-ന് ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് താമരശ്ശേരി ചുരത്തിൽ ഉരുണ്ടെത്തിയ പാറക്കല്ല് ബൈക്കിലിടിച്ച് ഒരുജീവൻ കവർന്നത്





