ജീവനുവേണ്ടി കാത്തുനിന്നത് ഒന്നേകാൽ മണിക്കൂർ;അടൂർ ജനറൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായ യുവാവിന് ദുരനുഭവം

പത്തനംതിട്ട: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് അടൂർ ജനറൽ ആശുപത്രിയിൽ ആംബുലൻസിനായി കാത്തുകിടക്കേണ്ടി വന്നത് ഒന്നേകാൽ മണിക്കൂർ. പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലാണ് സംഭവം. യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ 108 ആംബുലൻസ് എത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് കുടുംബം കാത്തുനിന്നത്.
എന്നാൽ സമയം ഏറെ വൈകിയിട്ടും ആംബുലൻസ് എത്തിയില്ല. തുടർന്ന് ബന്ധുക്കൾ ചേർന്ന് സ്വകാര്യ ആംബുലൻസിലാണ് യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. 108 ആംബുലൻസ് എത്തും എന്ന് അറിയിച്ചതുകൊണ്ടാണ് ഇത്രയും സമയം കാത്തുനിന്നതെന്ന് യുവാവിന്റെ പിതാവ് പറഞ്ഞു.
ആംബുലൻസ് ഉടൻ എത്തുമെന്ന് കൺട്രോൾ റൂമിൽ നിന്ന് ആദ്യ ഘട്ടത്തിൽ അറിയിച്ചിരുന്നതായി ആശുപത്രി അധികൃതരും വ്യക്തമാക്കി. എന്നാൽ പിന്നീട് വീണ്ടും ബന്ധപ്പെട്ടപ്പോഴാണ് ആംബുലൻസ് ലഭ്യമല്ലെന്ന മറുപടി ലഭിച്ചത്. പ്രദേശത്ത് ഇത്തരത്തിൽ 108 ആംബുലൻസ് സേവനം വൈകുന്നതും എത്താതിരിക്കുന്നതും പതിവാണെന്നും ആശുപത്രി അധികൃതർ ആരോപിക്കുന്നു.





