Kozhikode

ഗവ. സൈബർപാർക്കിന്റെ മതിൽ തകർന്നുവീണു

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് ഗവ. സൈബർപാർക്കിന്റെ പിന്നിലുള്ള ഭീമൻമതിൽ തകർന്നുവീണു. മതിലിന്റെ കല്ലും മണ്ണും തൊട്ടടുത്തുള്ള വീടിന്റെ മുറ്റത്തേക്ക് ഒലിച്ചുവന്നു. ശനിയാഴ്ച രാത്രിയിൽ പെയ്ത കനത്തമഴയിലാണ് മതിൽ തകർന്നത്. പൊളിഞ്ഞുവീണ മതിലിന്റെ ഭാഗത്തോട് ചേർന്നുള്ള ഭാഗത്തും വിള്ളലുണ്ട്. ഈ ഭാഗത്തോടുചേർന്ന് ഒളവണ്ണ പഞ്ചായത്തിന്റെ കുടിവെള്ളപദ്ധതിയുടെ 25,000 ലിറ്ററിന്റെ ടാങ്കുമുണ്ട്.

വിള്ളലുകൾ വീണ മതിൽ ടാങ്കിനോട് ചേർന്നുനിൽക്കുന്നത് അപകടമായതിനാൽ ഞായറാഴ്ച വൈകീട്ടോടെ വിള്ളലുകൾ വീണ മതിലിന്റെ ഭാഗവും സൈബർപാർക്ക് അധികൃതർ പൊളിച്ചുമാറ്റി. ശക്തമായ മഴയായിരുന്നതിനാൽ സമീപവാസികൾ സംഭവം അറഞ്ഞിരുന്നില്ല. ഓടിട്ട വീട് ഇപ്പോൾ യുവാക്കൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ശനിയാഴ്ച രാത്രി ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുറ്റത്ത് ചെളിയും മണ്ണും ഒലിച്ചുവന്നത് യുവാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു.

സംഭവം നടന്നയുടനെ സൈബർപാർക്ക് അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ മണ്ണ് നീക്കംചെയ്യുന്നുണ്ടെന്നും വീട്ടുടമ കളത്തുംതൊടി മീത്തൽ ഹരിദാസൻ പറഞ്ഞു. മതിൽ പൂർണമായി തകർന്നിരുന്നെങ്കിൽ ഒപ്പം വാട്ടർടാങ്കും തകരുമായിരുന്നു. അങ്ങനെയെങ്കിൽ താഴെയുണ്ടായിരുന്ന അഞ്ചുവീടുകൾ തകരുകയും ജീവനുകൾക്ക് ഭീഷണിയാകുമായിരുന്നെന്നും പ്രദേശവാസിയായ രജീഷ് പറഞ്ഞു. സംഭവസമയത്ത് വാട്ടർടാങ്കിൽ പൂർണമായും വെള്ളമുണ്ടായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ വെള്ളം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പന്തീരാങ്കാവ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഭവസ്ഥലത്തെത്തി.

റവന്യൂവിഭാഗവും ദുരന്തനിവാരണവിഭാഗവും സംഭവസ്ഥലം സന്ദർശിച്ചു. വാട്ടർടാങ്കിന് കേടുപാട് സംഭവിക്കാതിരിക്കാനാണ് അതിവേഗം മതിൽപൊളിച്ചുമാറ്റിയതെന്ന് സൈബർപാർക്ക് അധികൃതർ പറഞ്ഞു. പുനർനിർമിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും മഴ പ്രശ്നമാണ്. പ്രദേശവാസികളുമായി സംസാരിച്ചിട്ടുണ്ടെന്നും എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തി വരുകയാണെന്നും സൈബർപാർക്ക് അധികൃതർ പറഞ്ഞു.

Related Articles

Back to top button