സി.എസ്.ഐ ലോ കോളജിൽ വിദ്യാർഥിക്ക് മര്‍ദ്ദനം; സീനിയര്‍ വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പാറശ്ശാല: പാറശ്ശാല സി.എസ്.ഐ ലോ കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി സീനിയര്‍ വിദ്യാർത്ഥികള്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്.
നെടുമങ്ങാട് പഴകുറ്റി സ്വദേശി അഭിറാമിനെയാണ് നാലംഗസംഘം മര്‍ദിച്ചത്. അഭിറാം താമസിക്കുന്ന കോളജിന് സമീപത്തെ ഹോം സ്റ്റേയില്‍ വ്യാഴാഴ്ച ഉച്ചക്ക് അതിക്രമിച്ചുകയറിയാണ് മര്‍ദനം.സംഭവത്തില്‍ സീനിയര്‍ വിദ്യാർഥികളായ ബിനോ, വിജിന്, ശ്രീജിത്ത്, അഖില്‍ എന്നിവര്‍ക്കെതിരെയാണ് പാറശ്ശാല പൊലീസ് കേസെടുത്തത്. ബിനോ മര്‍ദിച്ചതായി അഭിറാമിന്റെ സുഹൃത്ത് പൊലീസിൽ പരാതി നല്‍കിയിരുന്നു. ഇത് അഭിറാമിന്റെ പ്രേരണയാലാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഹോം സ്റ്റേ അടിച്ചുതകർത്തശേഷമാണ് ക്രൂര മര്‍ദനം.
അഭിറാമിന്റെ മൊഴിയെ തുടര്‍ന്നാണ് പാറശ്ശാല പൊലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തത്. നെടുമങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അഭിറാമിന്റെ കഴുത്തിനും മുതുകിനും തലക്കുമാണ് പരിക്കേറ്റത്. മര്‍ദനത്തില്‍ പല്ല് ഉള്‍പ്പെടെ പൊട്ടി.





