ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇന്ത്യ; തുടര്‍ച്ചയായ അഞ്ചാം ജയം; നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്

ധരംശാല: ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് ഉജ്ജ്വല വിജയം. നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. 95 റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. ലോകകപ്പുകളില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയുടെ രണ്ടാം വിജയം മാത്രമാണിത്.
274 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 71 റണ്‍സ് നേടി. 40 പന്തില്‍ 46 റണ്‍സ് നേടിയാണ് രോഹിത് മടങ്ങിയത്. ഏറെ വൈകാതെ 31 പന്തില്‍ 26 റണ്‍സ് നേടി ഗില്ലും മടങ്ങി. ലോക്കി ഫെര്‍ഗൂസനാണ് ഇരുവരെയും വീഴ്ത്തിയത്.
മൂന്നാം നമ്പരിലെത്തിയ കോലി സാവധാനമാണ് തുടങ്ങിയത്. പിന്നാലെ എത്തിയ ശ്രേയാസ് അയ്യരാവട്ടെ, തുടര്‍ ബൗണ്ടറികളുമായി മികച്ച ഫോമിലായിരുന്നു. ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 29 പന്തില്‍ 33 റണ്‍സ് നേടിയ ശ്രേയാസിനെ ട്രെന്റ് ബോള്‍ട്ട് മടക്കി.
അഞ്ചാം നമ്പരിലെത്തിയ രാഹുല്‍ കോലിക്കൊപ്പം ചേര്‍ന്നതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് സാവധാനം മുന്നോട്ടുപോയി. ഇരുവരും നാലാം വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. 27 റണ്‍സെടുത്ത രാഹുലിനെ വീഴ്ത്തി മിച്ചല്‍ സാന്റ്നറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 2 റണ്‍സ് മാത്രം നേടി സൂര്യകുമാര്‍ യാദവ് റണ്ണൗട്ടായതോടെ ഇന്ത്യ പ്രതിസന്ധിയിലായി. സാന്റ്നറിന്റെ ഫീല്‍ഡിംഗാണ് സൂര്യയെ വീഴ്ത്തിയത്.
ഏഴാം നമ്പരിലെത്തിയ രവീന്ദ്ര ജഡേജ കോലിക്ക് ഉറച്ച പിന്തുണ നല്കി. അവസാന ഓവറുകളില്‍ സ്കോറിംഗ് ഏറ്റെടുത്ത കോലി ബൗണ്ടറികള്‍ കണ്ടെത്തി. ഒടുവില്‍ സെഞ്ചുറിക്കുള്ള ശ്രമത്തിനിടെ കോലി മാറ്റ് ഹെന്രിക്ക് വിക്കറ്റ് സമ്മാനിച്ചുമടങ്ങുകയായിരുന്നു. വിജയത്തിന് വെറും അഞ്ച് റണ്‍സ് അകലെയാണ് കോലി പുറത്തായത്. ഒടുവില്‍ അതേ ഓവറിലെ അവസാന പന്തില്‍ ബൗണ്ടറി നേടി ജഡേജ ഇന്ത്യക്ക് ജയം സമ്മാനിച്ചു. ജഡേജ (39) നോട്ടൗട്ടാണ്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ 273 റണ്‍സിന് ഓള് ഔട്ടായി. റണ്‍സ് 130 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ് ന്യൂസീലന്‍ഡിന്റെ ടോപ്പ് സ്കോറര്‍.





