സംസ്ഥാനത്ത് അരി വില കൂടിയേക്കും; ഭക്ഷ്യ വകുപ്പ് വലിയ പ്രതിസന്ധിയിലെന്ന് മന്ത്രി ജി.ആർ. അനിൽ

സംസ്ഥാനത്ത് അരി വില കൂടിയേക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ. ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലാണ്. പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന ബജറ്റിൽ വേണമെന്നും മന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടു. കൂടുതൽ കാര്യങ്ങളിൽ പരസ്യമായി പ്രതികരിക്കുന്നില്ല. ഭക്ഷ്യ വകുപ്പ് നേരിടുന്ന പ്രശ്നങ്ങൾ മുന്നണിക്കകത്തും മന്ത്രിസഭയിലും സംസാരിക്കും. പ്രശ്ന പരിഹാരത്തിനായി ധനമന്ത്രിയുമായും ചർച്ച നടത്തും. എഫ്.സി.ഐയുടെ ഓപ്പൺ മാർക്കറ്റ് സ്കീമിൽ പങ്കെടുക്കാൻ സർക്കാർ ഏജൻസികൾക്ക് അനുമതിയില്ലാത്തത് തിരിച്ചടിയാകും.
തീരുമാനം മാറ്റണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി ജി.ആർ. അനിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.ബജറ്റിൽ സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളെ തഴയുന്ന സമീപനമാണ് ധന വകുപ്പ് സ്വീകരിച്ചത്. സപ്ലൈകോക്ക് വിപണി ഇടപെടലിനുള്ള പണം പോലും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ബജറ്റ് പ്രസംഗ ശേഷം ധനമന്ത്രിക്ക് ഹസ്തദാനം നൽകാതെ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.
റവന്യൂ മന്ത്രി കെ. രാജനും ഭക്ഷ്യമന്ത്രി ജി.ആർ. അനിലും ധനമന്ത്രിയെ നീരസം അറിയിച്ചിട്ടുണ്ട്. അതൃപ്തി പരസ്യമാക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ വർഷം അനുവദിച്ച തുകകൾ ഈ വർഷം വെട്ടിക്കുറച്ചതിൽ കൃഷി വകുപ്പും മൃഗസംരക്ഷണ വകുപ്പും അമർഷത്തിലാണ്. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് സപ്ലൈകോ കടന്നുപോകുന്നത്. സബ്സിഡി സാധനങ്ങൾ വിറ്റ വകയിൽ സർക്കാർ കഴിഞ്ഞ മാസം വരെ സപ്ലൈകോക്ക് നൽകാനുള്ളത് 2011 കോടിയാണ്. വിതരണക്കാർക്ക് നൽകാനുള്ളത് 792 കോടിയും. പൊതുവിപണിയിടപെടലിന് പ്രതിവർഷം 350 കോടിയാണ് സപ്ലൈകോക്ക് ചെലവാകുന്നത്.
എന്നാൽ, ഇത്തവണ 205 കോടിയാണ് ബജറ്റിലുള്ളത്. ആരോഗ്യം, ടൂറിസം, ഉന്നത വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, വ്യവസായം, സാംസ്കാരികം തുടങ്ങി സി.പി.എം മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകളിൽ പുതിയ പദ്ധതികളും കോടികളുടെ പ്രഖ്യാപനവുമുണ്ടായപ്പോൾ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന തങ്ങളുടെ വകുപ്പുകളിൽ തുച്ഛമായ പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടായതെന്നാണ് സി.പി.ഐയുടെ പരാതി. ‘കേരളീയ’ത്തിന് 10 കോടിയും ചാമ്പ്യൻസ് ട്രോഫി വള്ളംകളിക്ക് 9.96 കോടിയും അനുവദിച്ച ധനവകുപ്പ് ‘വിശപ്പുരഹിതം കേരളം’ പദ്ധതിക്ക് നീക്കിവെച്ചത് വെറും രണ്ടു കോടി.





