Thrissur

പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ച സംഭവം; ഉറവിടം കണ്ടെത്താൻ വീടിന്റെ തറ പൊളിച്ചുനീക്കി പരിശോധന

Please complete the required fields.




തൃശൂർ: കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ വീട്ടിൽ, പാമ്പുകളുടെ ഉറവിടം കണ്ടെത്താൻ വീടിന്റെ തറ പൊളിച്ച് പരിശോധന തുടങ്ങി. തുടർച്ചയായി പാമ്പുകളെ കാണുന്ന പശ്ചാത്തലത്തിലാണ് പാമ്പ് പിടുത്തക്കാരുടെ സാന്നിധ്യത്തിൽ ഈ നീക്കം. വീട്ടിലെ ശുചിമുറിയിൽ നിന്ന് ഇന്നലെയും ഒരു പാമ്പിനെ പിടികൂടി. ഇതോടെ ഈ വീട്ടിൽ നിന്ന് കണ്ടെത്തിയ പാമ്പുകളുടെ എണ്ണം അഞ്ചായി.

ബാത്ത്റൂമിലെ പൈപ്പുകൾക്കിടയിലൂടെ പാമ്പുകൾ വരാൻ സാധ്യതയുണ്ടെന്ന സംശയത്തെത്തുടർന്ന് അവിടുത്തെ തറയുടെ ഒരു ഭാഗം പൊളിച്ച് മാറ്റുകയാണ്. വീടിന്റെ പല ഭാഗങ്ങളിൽ നിന്നും വീണ്ടും പാമ്പുകളെ കാണുന്നത് പ്രദേശവാസികളെയും കുടുംബത്തെയും വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.

കുട്ടികളെ കടിച്ച ശംഖുവരൻ ഇനത്തിൽപ്പെട്ട പാമ്പാണ് നേരത്തെ നാല് തവണയും വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിക്കുകയും സഹോദരൻ അവശനിലയിലാവുകയും ചെയ്തതിന് പിന്നാലെ കോടാലിയിലെ വീടിന് ചുറ്റും വനം വകുപ്പ് ഉദ്യോഗസ്ഥർ തീയിട്ടിരുന്നു. ആൽജോയുടെ വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു അത്. വീട്ടിൽ കൂടുതൽ പാമ്പിന്‍റെ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വീടിന് ചുറ്റും തീയിട്ടത്.
കഴിഞ്ഞ 19നാണ് അനോഷിനും ആൻജോയ്ക്കും വീട്ടിൽ ഉറങ്ങുന്നതിനിടെ തലയിണയ്ക്കകത്ത് ഉണ്ടായിരുന്ന പാമ്പിന്‍റെ കടി ഏൽക്കുന്നത്. അബോധാവസ്ഥയിൽ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെനാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയത്.

അമ്മയ്ക്കൊപ്പം ആദ്യം കിടപ്പുമുറിയിൽ നിലത്തും പിന്നെ കട്ടിലിലും കുട്ടികൾ കിടന്നിരുന്നു. അന്നേ ദിവസം പുലർച്ചെ രണ്ടുമണിയോടെ ഇരുവർക്കും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാം എന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പാമ്പുകടിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് അവിടുത്തെ ഡോക്ടറാണ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകൾക്കകം ആൽജോയ്ക്ക് ജീവൻ നഷ്ടമാവുകയായിരുന്നു.

Related Articles

Back to top button