
താമരശ്ശേരി : കൊടുവള്ളി, തിരുവമ്പാടി നിയോജകമണ്ഡല പരിധിയിലെ പോളിങ് സ്റ്റേഷനുകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മൂന്ന് ദിവസം മുമ്പ് പതിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബൂത്ത് സ്റ്റിക്കറുകൾ അജ്ഞാതർ രാത്രിയുടെ മറവിൽ നശിപ്പിച്ചനിലയിൽ.
കൊടുവള്ളി നിയോജകമണ്ഡല പരിധിയിൽ വരുന്ന രാരോത്ത് വില്ലേജിലെ 34-ാം നമ്പർ പോളിങ് സ്റ്റേഷനിൽ പതിച്ച ബൂത്ത് സ്റ്റിക്കർ പതിച്ച ചുമരിൽനിന്ന് പറിച്ചെടുത്ത് കൊണ്ടുപോയ നിലയിലാണ്. വാവാട് വില്ലേജിലെ 91-ാം നമ്പർ ബൂത്തായ പനക്കോട് അസാസുൽ ഇസ്ലാം മദ്രസയിൽ പതിച്ച സ്റ്റിക്കറിന്റെ കാൽഭാഗത്തോളം കീറിയ നിലയിലാണ്.
കൂടത്തായ് വില്ലേജിലെ 62-ാം നമ്പർ പോളിങ് സ്റ്റേഷനിൽ പതിച്ച ബൂത്ത് സ്റ്റിക്കറും നശിപ്പിച്ചിട്ടുണ്ട്. തിരുവമ്പാടി നിയോജകമണ്ഡലത്തിൽ വരുന്ന കോടഞ്ചേരി വില്ലേജിലെ നൂറാംതോട് എയ്ഡഡ് മാപ്പിള എൽ.പി.എസിലെ 39, 42 നമ്പർ ബൂത്തുകൾക്ക് മുന്നിൽ പതിപ്പിച്ചിരുന്ന ബൂത്ത് സ്റ്റിക്കറുകൾ പറിച്ച് നിലത്തിട്ട നിലയിലാണ്.





