Thiruvananthapuram

ഭക്ഷ്യമന്ത്രിയുടെ ഉറപ്പ്; റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം ഒത്തുതീർപ്പായി

Please complete the required fields.




തിരുവനന്തപുരം: റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം ഒത്തുതീർപ്പായി. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ തുക വിതരണം ചെയ്യാമെന്ന് ഭക്ഷ്യ മന്ത്രി പ്രഖ്യാപിച്ചതോടെയാണ് പിന്മാറ്റം. സെപ്റ്റംബര്‍ മാസത്തിലെ തുക അറുപത് ശതമാനം തിങ്കളാഴ്ച നല്‍കാമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഉറപ്പ് നല്‍കി.

കുടിശ്ശികയുള്ള തുക ഭാഗികമായി കൊടുത്തു തീർക്കാനാണ് സർക്കാരിൻ്റെ തീരുമാനം. അതേസമയം, വിതരണക്കാരുടെ സമരം തീർന്നാലും പ്രതിസന്ധി തീരാത്ത അവസ്ഥയാണ്. തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടുന്നതിനാൽ പുതിയ സ്റ്റോക്ക് എത്തിക്കാനാകില്ല. എന്നാൽ റേഷൻ വിതരണത്തിന് മറ്റു വഴി തേടുമെന്നാണ് സർക്കാർ പറയുന്നത്. 51 കോടി രൂപയോളം കുടിശ്ശികയുണ്ടെന്ന് കാട്ടിയാണ് വാതിൽപ്പടി വിതരണക്കാർ കഴിഞ്ഞ മൂന്നാഴ്ച്ചയായി സമരം ചെയ്യുന്നത്. ​ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്ക് സ്റ്റോക്ക് എത്തിക്കുന്നവരാണ് സമരം ചെയ്യുന്നത്.

ഒരു തവണ ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമാവാതെ പിരിഞ്ഞു. ഇന്ന് നടത്തിയ ചർച്ചയിൽ ഭാ​ഗികമായി കുടിശ്ശിക കൊടുത്തിതീർക്കാമെന്ന് അറിയിച്ചതോടെയാണ് സമരത്തിൽ നിന്നും ഇവർ പിൻമാറുന്നത്. സമരം ആയതിനാൽ ഇത്തവണ പുതിയ സ്റ്റോക്കുകൾ എത്തിക്കാനായിരുന്നില്ല. തിങ്കളാഴ്ച്ച മുതൽ റേഷൻ വ്യാപാരികൾ കട അടച്ചിട്ട സമരങ്ങളിലേക്ക് കടക്കുകയാണ്.
കടയടക്കുന്നതിനാൽ വിതരണക്കാർക്ക് പുതിയ സ്റ്റോക്കുകൾ കടകളിലേക്ക് എത്തിക്കാനാവില്ല. സമരം ഒത്തുതീർപ്പായെങ്കിൽ പോലും റേഷൻ വിതരണം പ്രതിസന്ധിയിലാവും. എന്നാൽ ഇതിനെ നേരിടുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

Related Articles

Back to top button