‘കെകെ ലതിക ഷെയര്‍ ചെയ്തത് തെറ്റ്, നിര്‍മിച്ചവര്‍ പിടിക്കപ്പെടണം’; ‘യഥാര്‍ത്ഥ ഇടത് ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ല’; കെകെ ശൈലജ

കോഴിക്കോട് : വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെ കെ ലതിക പോസ്റ്റ് ഷെയർ ചെയ്തത് തെറ്റാണെന്ന് കെ കെ ശൈലജ. സ്ക്രീൻഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു കെകെ ലതികയുടെ മറുപടിയെന്നും കെകെ ശൈലജ പറഞ്ഞു. കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണം. യഥാര്‍ത്ഥ ഇടത് ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ല. കണ്ണൂർ ജില്ലാ സെക്രട്ടറി തന്നെ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ട്. പാർട്ടി ചിഹ്നങ്ങൾ ഉപയോഗിച്ച് ചിലർ ഇടതുപക്ഷത്തിനെതിരെ പ്രവർത്തിക്കുന്നു.
കാഫിർ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങൾ അന്വേഷിക്കേണ്ടത്. തനിക്കെതിരെ നിരവധി വ്യാജ പ്രചരണങ്ങൾ ഉണ്ടായി. ഇക്കാര്യത്തിലും കേസുകൾ ഉണ്ട്. കാന്തപുരത്തിന്റെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ പ്രചരണം നടത്തിയെന്നും ലൗ ജിഹാദ് പരാമർശമെന്ന പേരിലും വ്യാജപ്രചരണം നടത്തിയെന്നും കെ കെ ശൈലജ പറഞ്ഞു.
പൊലീസ് കൃത്യമായ വിവരശേഖരണം നടത്തണം. നിർമ്മിച്ചത് ആരാണെങ്കിലും ഇടതുപക്ഷത്തിനെതിരാണെന്നും വ്യാജപ്രചരണം നടത്തിയ എല്ലാവർക്കുമെതിരെ ഒരുപോലെ കേസെടുക്കണമെന്നും കെ കെ ശൈലജ പറഞ്ഞു. ഭീകര പ്രവർത്തനം എന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിനും കെ കെ ശൈലജ മറുപടി നൽകി. സമുദായ നേതാവിന്റെ ലെറ്റർ ഹെഡ് വ്യാജമായി നിർമ്മിച്ചത് ഭീകര പ്രവർത്തനം അല്ലേയെന്നായിരുന്നു മറുപടി.





